മസാച്യൂസെറ്റ്സ്: കൊറോണ എത്രമാത്രം അമേരിക്കയെ ബാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ബോസ്റ്റൺ ഗ്ലോബ് ദിനപത്രത്തിന്റെ ചരമ പേജുകൾ. ഏപ്രിൽ 21 ഞായറാഴ്ച്ച പുറത്തിറങ്ങിയ ബോസ്റ്റൺ ഗ്ലോബ് ദിനപത്രത്തിൽ 16 പേജുകളും ചരമ പേജായിരുന്നു. ഇതിൽ ഭൂരിപക്ഷവും കൊറോണ ബാധിതരായി മരിച്ചവരുടെ വാർത്തകളും.
ബോസ്റ്റൻ ഗ്ലോബിന്റെ എ 13 മുതൽ എ 28 വരെയുള്ള പേജുകളാണ് ചരമ വാർത്തകൾക്ക് മാത്രമായി മാറ്റിവച്ചത്. എന്നാൽ എല്ലാ മരണങ്ങളും കൊറോണ ബാധിതരുടെതല്ല. മസാച്യൂസെറ്റ്സ് സംസ്ഥാനത്തെ കൊറോണ മരണങ്ങൾക്കു പുറമെ കണക്ടികട്ട്, റോഡെ ഐലൻഡ്, ന്യൂ ഹാംപ്ഷെയർ, കാലിഫോർണിയ, ഫ്ളോറിഡ, മയാനെ, മേരിലാൻഡ്, മിച്ചിഗൻ, ന്യുജഴ്സി, ന്യുയോർക്ക്, നോർത്ത് കരോലിന, പെൻസിൽവാനിയ, സൗത്ത് കരോലിന, ടെക്സാസ് എന്നിവിടങ്ങളിലെയും മരണങ്ങൾ ബോസ്റ്റൻ ഗ്ലോബ് ഞായറാഴ്ച്ച എഡിഷനിൽ നൽകിയിട്ടുണ്ട്.
ഇതിനു മുൻപ് ഇറ്റലിയിലെ ബെർഗാമോ ഇറ്റലി പോലുള്ള പത്രങ്ങൾ ഇറ്റലിയിലെ കൊറോണ ഭീകരതയുടെ വ്യാപ്തി ലോകത്തിനു മുന്നിൽ എത്തിച്ച് ശ്രദ്ധ നേടിയിരുന്നു.
ഇറ്റലിയിലെ പത്രങ്ങളും നിരവധി പേജുകൾ ചരമവാർത്തകൾക്കായി മാറ്റിവച്ചിരുന്നു.
ഇറ്റാലിയൻ പത്രങ്ങളെ ഓർമിപ്പിക്കുന്നതാണ് അമേരിക്കൻ ദിനപത്രമായ ബോസ്റ്റൻ ഗ്ലോബിന്റെ നടപടിയും.
അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ച മരിച്ചവർ 41,000 പേരാണ്. 7,58,000 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർ്ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്കിൽ മാത്രമായി 18,000 പേരാണ് രോഗം ബാധിച്ചു ഇതിനോടകം മരണപ്പെട്ടിട്ടുള്ളത്.