കുവൈറ്റ്: കൊറോണയെത്തുടർന്നുള്ള സാമ്പത്തിക ഞെരുക്കത്തിൽ മനം നൊന്ത് രണ്ട് ഇന്ത്യക്കാർ കുവൈറ്റിൽ ആത്മഹത്യ ചെയ്തു. ഇതിലൊരാൾ കൊറോണയെ ഭയന്നാണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഫർവ്വാനിയ , മംഗഫ് എന്നീ പ്രദേശങ്ങളിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇന്ത്യക്കാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർവാനിയയിൽ താമസിക്കുന്ന കെട്ടിടത്തിൽ ഗോവണിയോട് ചേർന്നുള്ള ഇരുമ്പ് പൈപ്പിലാണു ഒരു ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പ് കമ്പി കഴുത്തിൽ കുരുങ്ങി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മംഗഫിലാണു രണ്ടാമത്തെയാൾ മരിച്ചത്. ഇവിടെ താമസ സ്ഥലത്തെ മുറിയുടെ സീലിംഗിൽ കയറിൽ തൂങ്ങി മരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യം അധിക്യതർ സ്ഥിരീകരിച്ചെങ്കിലും മരിച്ചവർ ഏതു സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രണ്ടു മൃതദേഹങ്ങളും ഫോറൻസിക് പരിശോധനക്ക് അയച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.