നല്ല സമരിയാക്കാരനായി ധ്യാനകേന്ദ്രം ; കുന്നന്താനത്ത് പ്രവാസികൾക്ക് സ്നേഹവീടൊരുങ്ങി

ചങ്ങനാശേരി: വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കുന്നന്താനത്ത് സ്നേഹവീടൊരുങ്ങി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രമാണ് മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിന് ആശ്വാസ തീരമാകുന്നത്.
ഇവിടുത്തെ 60 മുറികൾ പ്രവാസകളുടെ സുരക്ഷിത താമസത്തിന് സർക്കാരിന് വിട്ടു നൽകി. നിരീക്ഷണ കാലാവധി കഴിഞ്ഞ് അവസാനത്തെ പ്രവാസിയും സുരക്ഷിതമായി യാത്രയാവുന്നതുവരെ വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും അനുബന്ധ സൗകര്യങ്ങളും യാതൊരു വ്യവസ്ഥകളുമില്ലാതെ പൂർണ്ണമായി സർക്കാരിന് വിട്ടുനൽകുകയായിരുന്നു.

മാത്യു ടി തോമസ് എംഎൽഎയുടെ സാന്നിധത്തിൽ സബ്ബ്കളക്ടർ ഡോ:വിനയ് ഗോയലാണ് ധ്യാനകേന്ദ്രം താൽക്കാലികമായി ഏറ്റുവാങ്ങിയത്. കൊറോണയെന്ന മഹാമാരിയെ ഒന്നിച്ചു നിന്നു നേരിടാനുള്ള ആഗ്രഹം
ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സിറിയക് കോട്ടയിൽ മുന്നോട്ടുവച്ചപ്പോൾ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അതിന് അനുവാദവും പൂർണ പിന്തുണയും നൽകി അച്ചനെ പ്രോൽസാഹിച്ചു.

ക്രിസ്തു സ്നേഹത്തിന്റെ മഹനീയത ഉൾക്കൊണ്ട് പ്രതിസന്ധയിൽ ആശ്വസിപ്പിക്കുന്ന യഥാർത്ഥ സമരിയാക്കാരനാവുകയാണ് ധ്യാനകേന്ദ്രം വിട്ടു നൽകി ചങ്ങനാശേരി അതിരൂപത.