തിരുവനന്തപുരം : സ്പ്രിംഗ്ളർ വിവാദമയതോടെ മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനി വെബ്സൈറ്റ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ ദുരൂഹതയെന്ന് പി.ടി.തോമസ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്സൈറ്റ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതായി കാണപ്പെടുന്നത്.
നല്ല രീതിയിൽ നടന്നിരുന്ന സ്ഥാപനമായിരുന്നു മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ്. 2020 വരെയുളള ജിഎസ്ടി പോലും അടച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ‘അക്കൗണ്ട് സസ്പെൻഡഡ്’ എന്നാണ് കാണുന്നത്. സ്പ്രിംക്ലർ ഇന്ത്യയുടെ വെബ്സൈറ്റും മാസ്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് സംശയം ജനിപ്പിക്കുന്നതാണ്. ഈ രണ്ട് സംഭവങ്ങളും യാദൃച്ഛികമാണോ എന്ന് വ്യക്തമാകാൻ വിശദമായ അന്വേഷണം നടത്തണമെന്നാണ് പി.ടി.തോമസ് പറയുന്നത്.
ലാവ് ലിനുമായുളള കണ്‍സള്‍ട്ടന്‍സി കരാര്‍ പര്‍ച്ചേസ് കരാര്‍ ആക്കിയതിന് സമാനമാണ് സ്പ്രിന്‍ക്ളര്‍ ഇടപാടെന്നും പി ടി തോമസ് ആരോപണം ഉന്നയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ കുടുംബാംഗങ്ങൾക്ക് സ്പ്രിംക്ലർ കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത വരാനുള്ളതിനാൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.