തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ളര്‍ കരാറിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തത്. അതിന് നിയമവകുപ്പിന്റെ നിയമോപദേശം വേണ്ട. ‘ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാണ്. പര്‍ച്ചെയ്‌സ് ഓര്‍ഡറില്‍ ഞാനാണ് ഒപ്പിട്ടത്. തീരുമാനം എല്ലാം എന്റേതായിരുന്നു. പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ ഏപ്രിലിലാണ് പുറത്തുവന്നതെങ്കിലും മാർച്ച് 25 മുതല്‍ വിവര ശേഖരണം ആരംഭിച്ചിരുന്നു. അതിന് മുന്‍പ് തന്നെ പര്‍ച്ചെയ്‌സ് ഓര്‍ഡറും അപേക്ഷയും കമ്പനി നല്‍കിയിരുന്നു. ഇതനുസരിച്ചുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോയത്.’- പിന്നീടാണ് ഉത്തരവ് പുറത്തുവന്നത് എന്നുമാത്രമെന്നും ശിവശങ്കര്‍ പറഞ്ഞു.
കരാറില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി. ഒരു സാധനം വാങ്ങുന്നതിന് നിയമവകുപ്പില്‍ നിന്ന് നിയമോപദേശം തേടേണ്ടതിന്റെ ഒരു സാഹചര്യവുമുളളതായി വിലയിരുത്തുന്നില്ല. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്. തന്റെ തീരുമാനം ശരിയല്ലെങ്കില്‍ പരിശോധിക്കട്ടെ. നിലവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നിയമപരമായി വിഷയം പരിശോധിക്കട്ടെ. അതനുസരിച്ചുളള തീരുമാനം വരട്ടെയെന്നും ശിവശങ്കര്‍ പറഞ്ഞു. വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്നോളജിക്കല്‍ പ്ലാറ്റ്ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. അതില്‍ മറ്റാരും കൈ കടത്തിയിട്ടില്ലെന്നും ഐടി സെക്രട്ടറി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. തന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയെ അറിയിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി.