തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ വീണ്ടും സസ്‌പെൻഡ് ചെയ്യും. അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത സാഹചര്യത്തിലാകും സസ്പെൻഷൻ. വിരമിക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കെയാണ് ജോക്കബ് തോമസിനെതിരായ നടപടി. ഇത് അദ്ദേഹത്തിന്‍റെ വിരമിക്കല്‍ ആനുകൂല്യത്തെ ബാധിച്ചേക്കും.
അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ക്രൈംബ്രാഞ്ച് നാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ കൈമാറും. കേസന്വേഷണം ക്രൈംബ്രാഞ്ച് വിജിലൻസിന് കൈമാറും.
മുൻ വിജിലൻസ് ഡയറക്ടർക്കെതിരേ അനധികൃത സ്വത്ത് സമ്പാദന കേസ് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. അതും ക്രൈംബ്രാഞ്ച് എടുത്ത കേസിൽ വിജിലൻസ് അന്വേഷണം.
ജേക്കബ് തോമസിന്‍റെ തമിഴ്‍നാട്ടിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി കേസടുക്കാന്‍ അനുമതി നല്‍കിയത്.
തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയംതാലൂക്കില്‍ 2001 നവംബര്‍ 15-നാണ് 50.33 ഏക്കര്‍ ഭൂമി ഇടപാട് രജിസ്റ്റര്‍ ചെയ്തത്. ഇത് സർക്കാർ രേഖകളിൽ ജേക്കബ് തോമസ് കാണിച്ചിരുന്നില്ല
ഇതിന്‍റെ അടിസ്ഥാനത്തിൽ ബിനാമി സ്വത്തിടപാട് ആണെന്ന് കാട്ടി ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു.