കണ്ണൂർ: അഴീക്കോട്ടെ സ്കൂൾ മാനേജ്മെന്റിൽ നിന്നും കെ എം ഷാജി എംഎൽഎ 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് എഫ്ഐആർ. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.
അതേ സമയം, ഇത്തരത്തിൽ വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകുന്നതിന് സ്പീക്കർക്ക് അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്‍കി.
1988-ലെ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരമാണ് സ്പീക്കര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഈ വകുപ്പനുസരിച്ച് സ്പീക്കര്‍ക്ക് അതിന് അധികാരമില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.
എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നാണ് ചെന്നിത്തലയുടെ പക്ഷം. അത് കൊണ്ടു തന്നെ സ്പീക്കര്‍ക്ക് കെ എം ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിന് അധികാരമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.