മുംബൈയിലെ 21 ഇന്ത്യൻ നാവികർക്ക് കൊറോണ ; നാവിക സേനയിൽ ആശങ്ക

മുംബൈ : നാവിക സേനയിൽ ആശങ്ക പടർത്തി മുംബൈയിലെ 21 ഇന്ത്യൻ നാവികർക്ക് കൊറോണ സ്ഥിരീകരിച്ചു. നാവികസേനയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊറോണ പോസിറ്റീവ് കേസുകളാണിത്. വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരെയും നവിമുംബൈയിലെ നാവികസേനാ ആശുപത്രിയിൽ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്.

ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല. വെസ്റ്റേൺ നേവൽ കമാൻഡിലെ ഐഎൻഎസ് ആംഗ്രെയുടെ ഭാഗമായ ഇടത്താണു ഇവർ താമസിച്ചിരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ ഒരാളും താമസകേന്ദ്രങ്ങൾക്ക് പുറത്തേക്ക് സഞ്ചരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വൈറസ് സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മുംബൈയിലാണ്. മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 3320 കേസുകളിൽ 2003 എണ്ണവും മുംബൈയിലാണ്. 201 പേരാണ് കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.നേരത്തെ കരസേനയിലെ എട്ട് സൈനികർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.