തിരുവനന്തപുരം :ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി നൽകി. ഇരുചക്ര-മുചക്ര വാഹനങ്ങൾക്ക് 1000 രൂപയും നാല് ചക്ര വാഹനങ്ങൾക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങൾക്ക് 4000 രൂപയും ഹെവി വാഹനങ്ങൾക്ക് 5000 രൂപയും ബോണ്ട് തുകയായി നൽകി വാഹന ഉടമകൾക്ക് വാഹനങ്ങൾ തിരിച്ചെടുക്കാം. ബോണ്ട് തുക ട്രഷറികളിൽ ആണ് കെട്ടിവെക്കേണ്ടത്. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ലോക്ക് ഡൗൺ ലംഘനത്തിൻ്റെ പേരിൽ സംസ്ഥാനത്ത് പിടിച്ചെടുത്തത് ആയിരക്കണക്കിന് വാഹനങ്ങളാണ്.
സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ പിഴ സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
മജിസ്ട്രേറ്റ് കോടതികൾ പ്രവർത്തിക്കാത്തതിനാലാണ് സർക്കാർ ഹൈക്കോടതിയുടെ അനുമതി തേടിയത്. ആർ സി ബുക്ക് , ഇൻഷുറൻസ് സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ പോലിസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും നിബന്ധനയുണ്ട്.