കൊറോണ വേഗത്തിൽ ക്യത്യമായി സ്ഥിരീകരിക്കാം; ചെലവ് കുറഞ്ഞ കിറ്റുകൾ വികസിപ്പിച്ച് ശ്രീചിത്ര

തിരുവനന്തപുരം : കൊറോണ പരിശോധന ക്യത്യമായും വേഗത്തിലും സ്ഥിരീകരിക്കാൻ കഴിയുന്ന നവീന പരിശോധനാ കിറ്റുകൾ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ആർ.ടി. ലാംപ് സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗകാരണമായ സാർസ് കോവ് 2 വൈറസിലെ എൻ ജീനിനെ കണ്ടെത്തുനാകുമെന്നതാണിതിന്റെ പ്രത്യേകത. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ചാൽ ഉടൻ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനാണു തീരുമാനമെന്നും ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ അറിയിച്ചു. ഇത്തരത്തിൽ ലോകത്തിലെ ആദ്യ പരിശോധനാ കിറ്റുകളിലൊന്നാണിതെന്ന് ശ്രീചിത്ര വ്യക്തമാക്കി.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ സീനിയർ സയന്റിസ്റ്റും അപ്ലൈഡ് ബയോളജി വകുപ്പിന് കീഴിലുള്ള മോളിക്യുലർ മെഡിസിൻ ഡിവിഷന്റെ ചുമതലയുള്ള ശാസ്ത്രജ്ഞനുമായ ഡോ. അനൂപ് തെക്കുവെട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ കിറ്റ് വികസിപ്പിച്ച് അപൂർവ്വ നേട്ടം കൈവരിച്ചത്.
ഒരു മെഷിനിലെ ഒരു ബാച്ചിൽ മുപ്പത് സാമ്പിളുകൾ വരെ പരീക്ഷിക്കാൻ കഴിയും. ഒന്നിലധികം പ്രാവശ്യമായി ഓരോ മെഷീനിലും ദിവസവും ധാരാളം സാമ്പിളുകൾ പരീക്ഷിക്കാൻ സാധിക്കുമെന്നതാണിതിന്റെ മറ്റൊരു നേട്ടം.
ആർ.ടി. ലാംപ് (റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേഴ്സ് ലൂപ് മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ ഓഫ് വൈറൽ ന്യൂക്ലിക് ആസിഡ്) സാങ്കേതികവിദ്യ പരിശോധനാ കിറ്റിന്റെ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം എൻ ജീനിന്റെ രണ്ട് മേഖലകൾ കണ്ടെത്താനും ഉപകരിക്കും. വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകവ്യതിയാനം ഉണ്ടായാലും ഫലം തെറ്റാതിരിക്കാൻ ഇത് സഹായിക്കും.

പരിശോധനക്കായുള്ള പുതിയ ഉപകരണത്തിന് ഏകദേശം 2.5 ലക്ഷം രൂപയും ടെസ്റ്റ് കിറ്റിന് 1000 രൂപയിൽ താഴെയുമായിരിക്കും ചിലവ്. നിലവിൽ ഉപയോഗിക്കുന്ന ആർ.ടി. പി.സി.ആർ. മെഷീനിന് 15 മുതൽ 40 ലക്ഷം രൂപയാണ് വില. പി.സി.ആർ. കിറ്റിന് 1900-2500 രൂപ വില വരും. ഇതിൽ പരിശോധനാ ചെലവ് 4500 രൂപയ്ക്ക് മുകളിലാണ്.
രാജ്യത്തിന്റെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാങ്കേതികവിദ്യകൾ നിർമ്മിക്കുന്ന ഏതൊരു വ്യവസായത്തിന്റെയും ലൈസൻസ് ഫീസ് എഴുതിത്തള്ളാനും ഇൻസ്റ്റിറ്റ്യൂട്ട് അനുമതി നൽകിയിട്ടുണ്ട്.