വാഷിംഗ്ടൺ : ലോക്ക്ഡൗൺ നിയന്ത്രങ്ങളിൽ ഇളവ് വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടച്ചിട്ട സംസ്ഥാനങ്ങള്‍ മൂന്നുഘട്ടമായി തുറക്കാനാണു പദ്ധതി. സംസ്ഥാന ഗവർണർമാർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ട്രംപ് വ്യക്തമാക്കി. ഇപ്പോൾ
ചെറുകിട സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ആവശ്യമില്ലാത്ത യാത്രകളും ആൾക്കൂട്ടവും ഒഴിവാക്കുമെങ്കിലും ശാരീരിക അകലം കർശനമായി പാലിച്ച് ഭക്ഷണ ശാലകൾ, ആരാധനാലയങ്ങൾ, കായിക വിനോദ കേന്ദ്രങ്ങൾ എന്നിവ തുറക്കും. രണ്ടാംഘട്ടത്തിൽ എല്ലാ യാത്രകളും, സ്കൂളുകളും ബാറുകളും തുറക്കും. മൂന്നാംഘട്ടത്തിൽ വലിയ ഇളവുകളും ജോലി സ്ഥലങ്ങളും നിയന്ത്രണങ്ങളോടെ തുറന്ന് നൽകും.
എന്നാൽ സർക്കാർ നൽകുന്ന പ്രത്യേക നിർദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സംസ്ഥാനങ്ങൾ തുറക്കാൻ അനുവദിക്കു.
പുതിയ കൊറോണ കേസുകളിൽ കുറവുണ്ടാകണം, അനാവശ്യ യാത്രകൾ ഒഴിവാക്കണം, പത്തുപേരിൽ കൂടുതൽ ആളുകൾ കൂടരുത്, ഇങ്ങനെയുള്ള നിബന്ധനകളാണ് ട്രംപ് മുന്നോട്ടുവച്ചത്. ആരോഗ്യരക്ഷയെക്കരുതി തൽക്കാലം ആളുകള്‍ വീടിനകത്തുതന്നെ കഴിയണമെന്ന് ട്രംപ് പറഞ്ഞു.
നീണ്ടുനിൽക്കുന്ന ലോക്ഡൗൺ അമേരിക്കയുടെ സാമ്പത്തിക രംഗത്തെയും സമൂഹത്തെയും തകർക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ലോക്ഡൗണിനുശേഷം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.