അടിമാലി: രഹസ്യവിവരത്തെ തുടര്‍ന്ന് ഹോംസ്‌റ്റേയില്‍ സബ്‌കലക്‌ടറുടെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ മൂന്നു സ്‌ത്രീകളടക്കം എട്ടുപേര്‍ അറസ്‌റ്റില്‍. ഒരു യുവതി ആന്ധ്ര സ്വദേശിനിയാണ്. തോക്കുപാറയ്‌ക്കു സമീപം അമ്പഴച്ചാലിലാണ് ദേവികുളം സബ്‌കലക്‌ടര്‍ പ്രേംകൃഷ്‌ണന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
ഹോംസ്‌റ്റേ നടത്തിപ്പിന് വാടകയ്‌ക്ക് എടുത്തിരുന്ന ശെല്യാംപാറ തണ്ടോതറയ്‌ക്കല്‍ ഷോബാല്‍ (27), നടത്തിപ്പുകാരനായ ചെങ്കുളം മേളായില്‍ റിയാസ് (26), സ്വകാര്യ ബസ് കണ്ടക്‌ടറായ കൂമ്പൻപാറ പുത്തന്‍പുരയ്‌ക്കല്‍ സിദ്ദിഖ് (34),ആനവിരട്ടി പുത്തന്‍പുരയ്‌ക്കല്‍ ഷംസുദ്ദീന്‍ (34), ഇരുമ്ബുപാലം പത്താംമൈല്‍ ചെങ്ങനാട്ട് ആഷ്‌ബിന്‍ (20), ആന്ധ്രപ്രദേശ് ചിറ്റൂര്‍ സ്വദേശിനി പ്രഭാവതി (28), റാന്നി പട്ടേല്‍ വീട്ടില്‍ അജിത (34), പാലാ കളത്തൂര്‍ അച്ചു (34) എന്നിവരെയാണ് വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
അധികൃതരെത്തുമ്പോൾ പുരുഷന്മാര്‍ സംഘം ചേര്‍ന്ന് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി. എട്ടുപേരെയും അറസ്‌റ്റു ചെയ്‌തു. പണംവച്ചുള്ള ചീട്ടുകളിയും ലോക്‌ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പകര്‍ച്ചവ്യാധി പടര്‍ത്തല്‍ നിരോധന നിയമംപ്രകാരവും കേസെടുത്തു.
പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ മൊബൈല്‍ പരിശോധിച്ചതോടെ പല സ്‌ത്രീകളുടെയും ചിത്രങ്ങളും പണമിടപാടു സംബന്ധിച്ച വിവരങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. 11 മൊബൈല്‍ ഫോണുകള്‍, ഒരു ജീപ്പ്, ഒരുബൈക്ക് എന്നിവയും പോലീസ് കസ്‌റ്റഡിയിലെടുത്തു. ബോര്‍ഡ് പോലും സ്‌ഥാപിക്കാതെയാണ് അനധികൃത ഹോംസ്‌റ്റേ പ്രവര്‍ത്തിച്ചിരുന്നത്. റിയാസും അച്ചുവും പരസ്‌പരം ഇഷ്‌ടത്തിലാണെന്നും ഒരു വര്‍ഷമായി ആനച്ചാലിനു സമീപം ഒരുമിച്ചു താമസിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.