കാസർകോട്: രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആശങ്കകൾ ഒഴിയാതെ കാസർകോട് ജില്ല. നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ആളുകളിലും കൊറോണ സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ദുബായിയിൽ നിന്നെത്തിയ യുവാവിനാണു ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ചെമ്മനാട് സ്വദേശിയായ 20 കാരൻ ദുബായിയിൽ നിന്ന് എത്തിയത്. നാട്ടിലെത്തിയ ശേഷം ഇയാൾ നീരീക്ഷണത്തിൽ കഴിഞ്ഞിരുന്നുവെങ്കിലും 28 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയത്.
ഇതോടെ നിരീക്ഷണ കാലാവധി കഴിഞ്ഞ വരിലും രോഗം കണ്ടെത്തിയേക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ കണക്കുകൂട്ടുന്നത്. രോഗം കണ്ടെത്തിയയാളെ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ഡി എം ഒ ഡോഎ വി രാംദാസ് അറിയിച്ചു. രോഗവിമുക്തരാകുന്നവരും അവരുടെ കുടുബാംഗങ്ങളും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം ജില്ലയിൽ ലോക് ഡൗൺ നിയന്ത്രണം മേയ് 3 വരെ ഇളവില്ലാതെ തുടരും. ഇതുവരെ 168 പോസിറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 65 എണ്ണം കോണ്ടാക്ടിലൂടെയും 103 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരുമാണ്. 61 രോഗികളാണ്ആശുപത്രികളിൽ ചികിത്സയിലുള്ളത്.സമൂഹ വ്യാപന പരിശോധനയുടെ ഭാഗമായി 2951 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിക്കുകയും അതിൽ കൊറോണ പോസിറ്റീവ് കേസുമായി കോണ്ടാക്ട് ഉള്ള 16 പേരെയും കോണ്ടാക്ട് ഇല്ലാത്ത 71 പേരെയും പരിശോധനക്കു റെഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.