ധാക്ക : രണ്ട് മാസത്തോളമായി നടുക്കടലില്‍ കഴിയേണ്ടി വന്ന 382 റോഹിംഗ്യന്‍ അഭയാര്‍ഥികളെ രക്ഷിച്ചതായി ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ്. ബുധനാഴ്ച്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് ബംഗ്ലാദേശ് തീരസംരക്ഷണ സേന കണ്ടെത്തിയത്. 58 ദിവസങ്ങളായി 410ലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നടുക്കടലിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇതിൽ 24 അഭയാര്‍ത്ഥികൾ വിശന്ന് മരിച്ചതയാണ് റിപ്പോർട്ട്. അവശരായ നിലയിൽ കണ്ട ബാക്കിയുള്ളവരെ തീരദേശ നഗരമായ ടെക്‌നാഫിലേക്ക് മാറ്റിയെന്നും ബംഗ്ലാദേശ് തീരദേശസേന വക്താവ് അറിയിച്ചു.
മത്സ്യബന്ധന ബോട്ടില്‍ തിങ്ങി നിറഞ്ഞ നിലയിലാണ് സഞ്ചരിച്ചിരുന്നത്.
കൊറോണ മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗൺ കാരണം മലേഷ്യന്‍ തീരത്ത് കപ്പലടുപ്പിക്കാന്‍ ഇവർക്ക് കഴിഞ്ഞിരുന്നില്ല. രണ്ട് മാസത്തോളമായി കപ്പല്‍ ഉള്‍ക്കടലിലായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷപ്പെട്ടവർ തീർത്തും അവശനിലയിലാണ്.
കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബംഗ്ലാദേശ് തീരദേശ സേനയാണ് കപ്പല്‍ കണ്ടത്. ഇവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു