ഷിംല: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരെ പിടികൂടിയാല്‍ എപിഡമിക് ഡീസിസ് നിയമം അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കും. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബന്ധപ്പെട്ട വകുപ്പ് അനുസരിച്ചുളള നടപടിയും സ്വീകരിക്കുമെന്നും ഹിമാചല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ച്യുയിംഗം, പാൻ മസാല തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വില്പന സർക്കാർ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ഡി ധിമ്മാന്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 33 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.