പോലീസ് രോഗിയുടെ വാഹനം തടഞ്ഞു; പിതാവിനെ ചുമലിലേറ്റി മകൻ വീട്ടിലെത്തിച്ചു

കൊല്ലം: മതിയായ രേഖകളില്ലെന്ന പേരിൽ താലൂക്കാശുപത്രിയിൽ നിന്നും ഡിസ്ചാർജായി വന്ന രോഗിയുടെ വാഹനം പൊലീസ് തടഞ്ഞതോടെ രോഗിയായ അച്ഛനെ മകൻ ചുമലിലേറ്റി നടക്കേണ്ടിവന്നത് ഒരു കിലോമീറ്ററോളം. പുനലൂരിലാണ് സംഭവം.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ അച്ഛനെ വീട്ടിലേക്ക് കൊണ്ടുവരാൻ മകൻ കൊണ്ടുവന്ന ഓട്ടോറിക്ഷയാണ് ലോക്ക്ഡൗൺ ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞത്. ഇതേത്തുടർന്ന് മകൻ അച്ഛനെ തോളിലേറ്റി പോകുകയായിരുന്നു.
കുളത്തൂപ്പുഴ സ്വദേശിയായ 65 കാരൻ നാല് ദിവസം മുമ്പ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. പിന്നാലെ കുളത്തൂപ്പുഴയിൽ നിന്നും ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയ മകനെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കടത്തി വിട്ടില്ല എന്നാണ് ആരോപണം.

പോലീസ് വാഹനം തടഞ്ഞതിനെ തുടർന്ന് ഇയാൾ ഓട്ടോ സമീപത്തുള്ള മരത്തിന്റെ ചുവട്ടിലേക്ക് നിർത്തിയ ശേഷം ഏകദേശം 900 മീറ്റർ അകലത്തിലുള്ള ആശുപത്രിയിൽനിന്നും അച്ഛനെ ചുമലിലേറ്റി കൊണ്ടുവരുകയായിരുന്നു

ആവശ്യമായ രേഖകളില്ലാതെയാണു വാഹനവുമായി എത്തിയതെന്നാണു പൊലീസ് വാദം. ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂർ തൂക്കുപാലത്തിനടുത്താണു സംഭവം. താലൂക്കാശുപത്രിയിൽ നിന്നും ഡിസ്ചാർജായ പിതാവിനേയും കൊണ്ട് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു മകനും അമ്മയും.

ഇതിനിടെ വാഹനം പൊലീസ് തടഞ്ഞു. രേഖകൾ കാണിച്ചെങ്കിലും പൊലീസ് കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു. എന്നാൽ ഇവരുടെ പക്കൽ ആശുപത്രി രേഖകൾ ഇല്ലായിരുന്നെന്നാണു പൊലീസ് നിലപാട്. സംഭവം അന്വേഷിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അത്യാവശ്യക്കാരെപ്പോലും പൊലീസ് കടത്തിവിടുന്നില്ലെന്നു നാട്ടുകാർക്കു പരാതിയുണ്ട്.