ഇരട്ടിവിലയിൽ അനധികൃത മദ്യകച്ചവടം: ബാർ മാനേജറും സഹായിയും അറസ്റ്റിൽ

കൊച്ചി: അനധികൃത മദ്യവില്പന നടത്തിയ ബാർ മാനേജറും സഹായിയും അറസ്റ്റിൽ. എറണാകുളം കൂത്താട്ടുകുളത്ത് പാമ്പാക്കുടയിലെ ബാർ ഹോട്ടൽ മാനേജർ പിറവം സ്വദേശി എം സി ജയ്സൺ, വിൽപ്പനയിൽ സഹായിച്ച കൂത്താട്ടുകുളം വടകര സ്വദേശി ജോണിറ്റ് ജോസ് എന്നിവരാണ് അറസ്റ്റിലായത്. വാടകവീട്ടിൽ സൂക്ഷിച്ചാണ് മദ്യം ഇയാൾ ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചത്. ലോക്ക് ഡൗൺ അവസരമാക്കി 1500 രൂപയുടെ മദ്യത്തിന് 3500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. കുത്താട്ടുകുളം യുപി സ്കൂളിന് സമീപത്തെ വാടകവീട്ടിൽ വെച്ചായിരുന്നു വില്പന. 67 കുപ്പി മദ്യം എക്സൈസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ജയ്സൺ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണോ മദ്യം എത്തിച്ചതെന്ന് എക്സൈസ് പരിശോധിച്ച് വരികയാണ്. ഈസ്റ്റർ വിഷു ദിവസങ്ങളിൽ നിരവധി പേർ ഇവരിൽ നിന്ന് മദ്യം വാങ്ങാനെത്തിയിരുന്നു. 22 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 6.5 ലീറ്റർ ബിയറും ഇവിടെ നിന്ന് കണ്ടെടുത്തു. വിവിധ അളവിലുള്ള 67 കുപ്പികളിലായുള്ള മദ്യം കാറിലും ബൈക്കിലുമായാണ് സൂക്ഷിച്ചിരുന്നത്. 375, 500 മില്ലിലീറ്റർ കുപ്പികളിലായിരുന്നു വിദേശമദ്യം. മദ്യം വാങ്ങാനെത്തിയവരുമായി വില സംബന്ധിച്ച് ഉണ്ടായ കശപിശയാണ് വിവരം എക്സൈസിന് ചോർന്നു കിട്ടാൻ ഇടയാക്കിയത്. പിറവം എക്സൈസ് ഇൻസ്പെക്ടർ എസ്. മധു, പ്രിവന്റീവ് ഓഫിസർമാരായ കെ.പി. സജികുമാർ, ചാൾസ് ക്ലാർവിൻ, സിവിൽ ഓഫിസർമാരായ എ.കെ. ജയദേവൻ, അമൽ മോഹൻ, ടി.ആർ. അഭിലാഷ്, വി. ഉന്മേഷ്, എം.എം. നന്ദു, ടി.കെ. സൗമ്യ, ടി.ആർ. ഹർഷകുമാർ, എം.കെ. റെജി എന്നിരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.