കൊച്ചി : സംസ്ഥാനത്ത് പലയിടങ്ങളിലും കമ്യൂണിറ്റി കിച്ചണുകള്‍ പൂട്ടുന്നു. കമ്യൂണിറ്റി കിച്ചണുകള്‍ നടത്തുവാൻ സാമ്പത്തികമില്ലാത്തതാണ് പൂട്ടാൻ കാരണമെന്നാണ് സൂചന. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പകുതിയിലധികം സമൂഹ അടുക്കളകളും ഇന്നുമുതലില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സമൂഹ അടുക്കളയ്ക്ക് സർക്കാർ പ്രത്യേക സാമ്പത്തിക സഹായങ്ങൾ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും സാമ്പത്തിക സഹായത്താലാണ് നൂറുകണക്കിന് സമൂഹ അടുക്കളകള്‍ കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തിച്ചിരുന്നത്. കമ്മ്യൂണിറ്റി കിച്ചണുകൾ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കിയതോടെയാണ് ഇവയുടെ പ്രവര്‍ത്തനം നിര്‍ത്താൻ തീരുമാനിച്ചത്. ഒരു ദിവസം ഒരു സമൂഹ അടുക്കള പ്രവര്‍ത്തിപ്പിക്കാന്‍ 50,000 രൂപയോളം ചിലവ് വരും.
സംസ്ഥാനത്ത് ഒരിടത്തും സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ ഈ നിര്‍ദേശവും ഉറപ്പും മറികടന്നാണ് കമ്യൂണിറ്റി കിച്ചണുകള്‍ ചിലയിടത്ത് അടച്ചിടുന്നത്.