സാമൂഹിക വ്യാപനം തടയും; ലോക്ക് ഡൗൺ നീട്ടിയതിനെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

ന്യൂഡെൽഹി: കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയിൽ ലോക്ക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയതിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.
കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടുന്നതിൽ ഇന്ത്യ അചഞ്ചലമായ സമർപ്പണമാണ് കാണിക്കുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ സൗത്ത്-ഈസ്റ്റ് റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് അഭിപ്രായപ്പെട്ടു.
ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം.
കർക്കശവും സമയബന്ധിതവുമായ നടപടികളുടെ ഫലത്തെ കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ല. എന്നാൽ, ഫലപ്രദമായ സാമൂഹിക അകലം പാലിക്കൽ, രോഗബാധ കണ്ടെത്തൽ, ഐസൊലേഷൻ, സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ തുടങ്ങിയ നടപടികൾക്കായി ആറാഴ്ചത്തെ ദേശവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വൈറസ് ബാധയെ തടയുന്നതിന് കാര്യമായി സാധിക്കുമെന്ന് ഡോ. പൂനം പറഞ്ഞു.

പരീക്ഷണകാലഘട്ടമാണിത്, അധികൃതർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്. വൈറസിനെ പ്രതിരോധാക്കുന്നതിന് എല്ലാവരും പരമാവധി ശ്രമിക്കേണ്ട സമയമാണിതെന്നും ഡോ. പൂനം മുന്നറിയിപ്പ് നൽകി.