വാഷിംഗ്‌ടൺ: കൊറോണ പ്രതിരോധനത്തിനടയിലും ഇന്ത്യ വൻതോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നു.
155 ദശലക്ഷം ഡോളർ വിലവരുന്ന ആയുധങ്ങൾ യുഎസിൽ നിന്ന് പ്രതിരോധാവശ്യക്കൾക്ക് വാങ്ങാനാണ് ഇന്ത്യൻ നീക്കം. ആയുധങ്ങൾ വിൽക്കാൻ യു.എസ് ഭരണകൂടം അനുമതി നൽകിയതായി പെന്‍റഗൺ റിപ്പോർട്ട് ചെയ്തു .
ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് ഹാർപൂൺ മിസൈലുകളും ടോർപ്പിഡോകളും വിൽക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് തീരുമാനം എടുത്തതെന്ന് പെന്‍റഗൺ പറയുന്നു. 92 ദശലക്ഷം ഡോളറിന്റെ 10 എ.ജി.എം -84 എൽ ഹാർപൂൺ മിസൈലുകളും 63 ദശലക്ഷം ഡോളറിന്റെ എം.കെ 54 ടോർപ്പിഡോകളുമാണ് കൈമാറുക. യു.എസ്-ഇന്ത്യൻ ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഇതുസഹായിക്കുമെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലയിലെ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താൻ ആയുധക്കൈമാറ്റം വഴിയൊരുക്കുമെന്നും അമേരിക്ക കണക്കു കൂട്ടുന്നു. എന്നാൽ അടുത്തിടെ കൊറോണ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്യുൻ നൽകണം എന്ന് അമേരിക്ക കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടിരുന്നു. മരുന്നിന്റെ കയറ്റുമതി തടഞ്ഞ ഉത്തരവ് ഇന്ത്യ റദാക്കി അമേരിക്കക്കു മരുന്ന് എത്തിച്ചു. നയതന്ത്ര പരമായ രീതിയിൽ ഇന്ത്യ പ്രവർത്തിച്ചത് കൊണ്ടാണ് വളരെ പെട്ടെന്നു ആയുധ കച്ചവടം നടന്നതെന്ന് അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്.