ജക്കാർത്ത: ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങുന്നവരെ പ്രേതങ്ങൾ പിടിക്കും. ഇന്തോനേഷ്യയിലെ ജാവ ഐലന്റിലുള്ള കോപുഹ് ഗ്രാമത്തിലാണ് സംഭവം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ രാത്രികളില്‍ കറങ്ങി നടക്കുന്നത് തടയാന്‍ പെട്രോളിങ്ങിനായി ഒരു കൂട്ടം പ്രേതങ്ങളെ വിന്യസിപ്പിച്ചിരിക്കുകയാണ് ഗ്രാമത്തിലെ അധികൃതര്‍. രാത്രികാലങ്ങളില്‍ പ്രേതങ്ങളുടേത് പോലെ വെള്ള വസ്ത്രം ധരിച്ചവരാണ് പട്രോളിംഗ് നടത്തുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളെ വീട്ടിലിരുത്താൻ ആണ് ഇത്തരത്തിലുള്ള രീതി സ്വീകരിച്ചത് എന്നാണ് ഗ്രാമത്തലവന്‍ അഞ്ചാര്‍ പാന്‍കാനിംഗത്യാസ് പറയുന്നത്. ഇന്തോനേഷ്യന്‍ നാടോടിക്കഥകളിലെ മരിച്ചവരുടെ ആത്മാക്കൾക്ക് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ച് ചിലരെ പ്രദേശത്ത് പെട്രോളിംഗിനായി നിയോഗിക്കും. പേടിപ്പിക്കുന്ന രൂപം കണ്ടാല്‍ ആളുകള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോപുഹ് പോലീസിന്റെയും പ്രദേശത്തെ ഒരു സംഘം യുവാക്കളുടെ സഹായത്തോടെയാണ് പ്രദേശത്ത് ഇത് നടപ്പിലാക്കുന്നത്.
തുടക്കത്തിൽ ഈ പദ്ധതി പരാജയമായിരുന്നു. പേടിക്കുന്നതിനു പകരം പ്രേതങ്ങളെ പിടിക്കുവാൻ ആളുകൾ കൂട്ടമായി പുറത്തു ഇറങ്ങുവാൻ തുടങ്ങി. തുടര്‍ന്ന് പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ചാടി ഭയപ്പെടുത്താന്‍ ഇവർ ആരംഭിച്ചു. ഇപ്പോൾ പ്രേതങ്ങളെ കണ്ട കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പേടിയാണെന്ന് പ്രദേശവാസിയായ കര്‍ണോ സുപാഡുമോ പറഞ്ഞു.
വീട്ടിലിരിക്കാതെ പുറത്ത് കറങ്ങി നടക്കുന്നവരെ ഒന്ന് പേടിപ്പിക്കാന്‍ ഈ പ്രേതങ്ങളെക്കൊണ്ടല്ലാതെ വേറെയാരെക്കൊണ്ടും നടക്കില്ലെന്ന് അവര്‍ക്കറിയാം.
ഇന്തോനേഷ്യയില്‍ 4,241 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 371 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. കൊറോണ ഇന്തോനേഷ്യയില്‍ വ്യാപക നാശം വിതയ്ക്കുമെന്നാണ് ഇന്തോനേഷ്യന്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്.