സാമൂഹിക അകലം പാലിക്കണം, ജീവനക്കാരെ പിരിച്ചുവിടരുത്; ഏഴിന നിർദേശങ്ങളുമായി മോദി; മാർഗരേഖ നാളെ

ന്യൂഡൽഹി: ലോക്‌ഡൗൺ കാലയളവിൽ ഏഴ് കാര്യങ്ങൾ ചെയ്യുന്നതിൽ ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയെ പ്രതിരോധിക്കുന്നതിനായി മേയ് 3 വരെ ലോക്ഡൗൺ നീട്ടിയതായി അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.

  1. മുതിർന്നവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
  2. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക.
  3. രോഗപ്രതിരോധശേഷി വർധിപ്പിക്കുക.
  4. ദരിദ്രരെ സഹായിക്കുക.
  5. ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യുക.
  6. തൊഴിലാളികളെ സഹായിക്കുക, സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടരുത്.
  7. കൊറോണക്കെതിരെ പോരാട്ടം നടത്തുന്ന എല്ലാവരെയും ബഹുമാനിക്കുക.

കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. ഇളവുകൾ സംബന്ധിച്ച മാർഗരേഖ ബുധനാഴ്ച പുറത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 25 നു പ്രഖ്യാപിച്ച 21 ദിവസത്തെ ആദ്യഘട്ട ലോക്ഡൗൺ ഇന്ന് അർധരാത്രി അവസാനിക്കേണ്ടതായിരുന്നു. സംസ്ഥാനങ്ങളുടേത് ഉൾപ്പെടെ വിവിധ ആളുകളിൽനിന്നുള്ള അഭിപ്രായം അനുസരിച്ചാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത ഒരാഴ്ചത്തേയ്ക്ക് രാജ്യത്ത് കർശന നിയന്ത്രണമുണ്ടായിരിക്കും. ഇവ എത്രത്തോളം നടപ്പാക്കുന്നുവെന്ന് ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും.