തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി

ചെന്നൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം വർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

ലോക്ക്ഡൗൺ നീട്ടണമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുപല സംസ്ഥാന മുഖ്യമന്ത്രിമാരും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്ക് ഡൗൺ നീട്ടണമെന്ന് ആരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സമിതി തമിഴ്നാട് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. തമിഴ്നാട്ടിൽ വൈറസ് വ്യാപനം ഇനിയും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് സമിതി സർക്കാരിനെ അറിയിച്ചിട്ടുള്ളത്.