ന്യൂഡെൽഹി: കൊറോണ പരിശോധനാ ഫലം വേഗത്തിൽ അറിയാൻ സാധിക്കുന്ന സെറോളജിക്കൽ ടെസ്റ്റ് കിറ്റുകൾ ഇന്ത്യ അമേരിക്കയ്ക്ക് മറിച്ചു നൽകിയതായി റിപ്പോർട്ട്. ആവശ്യമായ രോഗ പരിശോധനാ കിറ്റുകൾ ഇല്ലാതെ രാജ്യം പ്രതിസന്ധി നേരിടുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെന്നാണ് ആക്ഷേപം. ഒരാളിൽ പുതിയ രോഗാണു കടന്നിട്ടുണ്ടോ എന്ന് എളുപ്പം കണ്ടെത്താനാണ് സെറോളജിക്കൽ ടെസ്റ്റ് നടത്തുന്നത്. ഇത്തരം പരിശോധന കിറ്റുകൾ കേന്ദ്ര സർക്കാർ അമേരിക്കയ്ക്ക് മറിച്ച് നൽകിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെസ്റ്റ് കിറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾ ഐസിഎംആറിനോട് പരാതി നൽകിയിരുന്നു . ഇതിനിടെയാണ് സംസ്ഥാനങ്ങൾക്ക് പോലും ഇത്തരം കിറ്റുകൾ ആവശ്യാനുസരണം നൽകാതെ കിറ്റുകൾ അമേരിക്കയ്ക്ക് കേന്ദ്രം മറിച്ചു നൽകിയത്.
കേന്ദ്ര സർക്കാരിന്റെ ഇത്തരത്തിലുള്ള നടപടികൾ ലോക്ക് ഡൗണിനെയും ആരോഗ്യ പ്രവർത്തകരിലെ പരിശോധനയെയും സാരമായി ബാധിച്ചെന്നും ഐസിഎംആർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഹോട്ട് സ്പോട്ടുകളിൽ ഇത്തരം പരിശോധന നടന്നിരുന്നുവെങ്കിൽ അതിന്റെ ഫലത്തിന് അനുസരിച്ച് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധിക്കുമായിരുന്നു. രോഗാണുവുള്ള അന്തരീക്ഷവുമായി അടുത്ത് പെരുമാറുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരിൽ ഈ പരിശോധന ആവശ്യാനുസരണം നടന്നിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹൈഡ്രോക്സിക്ളോറോക്വിൻ ആവശ്യത്തിന് ഉത്പാദനം നടത്തുന്നു എന്നതായിരുന്നു വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്രം കണ്ടെത്തിയ വിശദീകരണം. എന്നാൽ സെറോളജിക്കൽ കിറ്റുകളുടെ കാര്യം അങ്ങനെ അല്ല.
കിറ്റുകളുടെ ക്ഷാമം ലോക്ക്ഡൗണിനെ പോലും ബാധിച്ചവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.