ന്യൂഡെൽഹി: രാജ്യത്തെ കൊറോണ ബാധയില്ലാത്ത മേഖലകളിലടക്കം ദ്രുതപരിശോധനയ്ക്ക് തയാറെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ റിപ്പോര്‍ട്ടുകളില്ലാത്ത ജില്ലകളിലും ദ്രുത പരിശോധന നടത്തും. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 219 ലാബുകളാണ് രാജ്യത്തുള്ളത്. ഐസിഎംആറിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ചു ദിവസം പ്രതിദിനം നടത്തിയ ശരാശരി പരിശോധന 15,747 ആണ്. രാജ്യത്തെ പകുതി ജില്ലകള്‍ മാത്രമാണ് കൊറോണ ബാധിത പ്രദേശങ്ങളുടെ പട്ടികയിലുള്ളത്. വിദേശത്തുനിന്നെത്തിയവര്‍, കുടിയേറ്റ തൊഴിലാളികള്‍, സമ്പര്‍ക്ക പട്ടികയിൽ ഉള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന. സമൂഹ വ്യാപനത്തിന്‍റെ തോതറിയാന്‍ പരിശോധന വ്യാപിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം. ഇതിനായി ചൈനയില്‍ നിന്ന് 44 ലക്ഷം പരിശോധാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്ന 44 ലക്ഷം പരിശോധനാ കിറ്റുകള്‍ ഇനിയുമെത്തിയിട്ടില്ല. മുപ്പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗൺ അവസാനിക്കും മുമ്പ് ദ്രുതപരിശോധന വ്യാപകമാക്കുകയാണ് വെല്ലുവിളി.