ഷംഷെർഗഞ്ചിലെ ക്ഷേത്രത്തിൽ ശിവവിഗ്രഹം പാലു കുടിക്കുന്നു ; വ്യാജവാർത്ത പ്രചരിപ്പിച്ചു; 13 പേർക്കെതിരേ കേസ്

പ്രതാപ്ഗഡ്: ലോക്ഡൗണിനിടെ പ്രതാപ്ഗഡിലെ ഷംഷെർഗഞ്ചിലെ ക്ഷേത്രത്തിൽ ശിവവിഗ്രഹം പാലു കുടിക്കുന്നതായി വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് 13 പേർക്കെതിരെ പൊലീസ് കേസ്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ഞായറാഴ്ചയാണ് സംഭവം. ഇതറിഞ്ഞ് വിഗ്രഹത്തിനു പാലു നൽകാൻ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയ 13 പേരാണ് അറസ്റ്റിലായത്.

ഷംഷർഗഞ്ച് നിവാസിയായ രാജേഷ് കൗശൽ എന്നയാളാണ് വ്യാജവാർത്ത പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വാർത്ത പ്രചരിച്ചതോടെ ആളുകൾ ഗ്ലാസ്സിൽ പാലുമായി ക്ഷേത്രത്തിലേക്ക് ഓടുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ബുദ്ധിമുട്ടേണ്ടിവന്നു.

ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് 13 പേർക്കെതിരെ ഐപിസി സെക്‌ഷൻ 188 പ്രകാരം കേസെടുത്തതായി ജേത്‌വാര പൊലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ യാദവ് പറഞ്ഞു. മറ്റുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കുന്നതായും അദ്ദേഹം അറിയിച്ചു. അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്നും ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

പ്രതാപ്ഗഡിൽ കഴിഞ്ഞ ആഴ്ച ആറു പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശിൽ ഇതുവരെ 5 മരണങ്ങളടക്കം 483 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.