തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും കൊറോണ സംശയിച്ചവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത് കേരളത്തിന് ആശ്വാസമാകുന്നു. പുതുതായി ആശുപത്രികളിൽ നിരീക്ഷണത്തിന് മാറ്റുന്നവരുടെ എണ്ണവും കുറഞ്ഞു. ചികിൽസയിലുണ്ടായിരുന്ന കൊറോണ ബാധിതരും അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നു.
തൃശ്ശൂർ ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാലു പേരുടെ സാമ്പിള്‍ ഫലം നെഗറ്റീവ് ആയി. മാള സ്വദേശിയായ സൂറത്തിലെ വസ്ത്രവ്യാപാരിയുടെ മകൾ, വിദേശത്ത് നിന്നെത്തിയ ചാലക്കുടി സ്വദേശി, നിസാമുദ്ദീനിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി, ഫ്രാൻസില്‍ നിന്നെത്തിയ തൃശൂർ പൂങ്കുന്നം സ്വദേശി എന്നിവരുടെ ഫലമാണ് നെഗറ്റീവായത്. ഇവരെ അടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. തൃശ്ശൂരിൽ ഇനി കൊറോണ പോസീറ്റീവായി ചികിത്സയിലുളളത് രണ്ടു പേര്‍ മാത്രമാണ്. ആകെ 13 പേരാണ് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്നത്.
കോട്ടയത്ത് ഇന്ന് ലഭിച്ച 20 സാമ്പിൾ ഫലങ്ങളും നെഗറ്റീവാണ്. മൂന്ന് പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
എറണാകുളം ജില്ലയിലും ഇന്ന് ലഭിച്ച 30 ഫലങ്ങളും നെഗറ്റീവാണ്. ഇന്ന് 36 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. 114 പേരുടെ ഫലങ്ങൾ ഇനി ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി ആരെയും വീടുകളിൽ നിരീക്ഷണത്തിൽ ആക്കിയിട്ടില്ല. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 2709 ആയി.