ന്യൂയോർക്ക്: അമേരിക്കയിൽ സ്ഥിതി കൂടുതൽ സങ്കീർണമായി. കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുൽ പേർ മരിക്കുന്ന രാജ്യമായി അമേരിക്ക. ഏറ്റവും കൂടുതൽ പേർ ലോകത്ത് മരിച്ചതും അമേരിക്കയിലാണ്. പുതിയ കണക്കുകൾ അനുസരിച്ച് 20597 പേരാണ് അമേരിക്കയിൽ കൊറോണ ബാധിച്ചു മരിച്ചത്. രോഗബാധ ഈ ആഴ്ച അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് റിപ്പോർട്ട്. വരുന്ന പത്തു ദിവസം അമേരിക്കയ്ക്ക് നിർണായകമാണ്.
ഇന്നലെ രണ്ടായിരത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ ഇന്നത്തെ ദിവസം ആയിരത്തിലേറെ മരണങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കൊറോണ രോഗം ബാധിച്ചു മരിക്കുന്ന ലോകത്തെ അഞ്ചിലൊരാൾ അമേരിക്കകാരനാകുന്ന അവസ്ഥയാണ് കണക്കുകൾ പരിശോധിക്കുമ്പോൾ കാണുന്നത്.
ഇത്രയും നാൾ ഇറ്റലിയായിരുന്നു മരണനിരക്കിൽ മുന്നിലുണ്ടായിരുന്ന രാജ്യം. ഏറ്റവും ഒടുവിൽ 619 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ ആകെ മരണസംഖ്യ 19,468 ആയിട്ടുണ്ട്. സ്പെയിനിൽ 16,353 പേരും ഫ്രാൻസിൽ 13,197 പേരും കൊറോണ രോഗം ബാധിച്ച് മരിച്ചു. ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തിന് മുകളിലാണ്.
ലോകത്തെ ആകെ കൊറോണ മരണങ്ങളിൽ തൊണ്ണൂറ് ശതമാനത്തിലേറെയും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് എന്നതാണ് നിലവിലെ അവസ്ഥ. ആദ്യഘട്ടത്തിൽ രോഗവ്യാപനം നിയന്ത്രിക്കപ്പെട്ടിരുന്ന ജർമ്മനി അടക്കമുള്ള രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമിപ്പെട്ടതും മരണനിരക്കേറിയതും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കൂടി മുന്നറിയിപ്പാണ്.
വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ന്യൂയോർക്കിലെ പൊതു വിദ്യാലയങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. മഹാമാരിയിൽ ഏറ്റവും മോശമായി ബാധിച്ച നഗരത്തിലെ വിദ്യാലയങ്ങൾ ഈ അധ്യായന വർഷം മുഴുവൻ അടച്ചിടാനാണ് തീരുമാനിച്ചിരുക്കുന്നതെന്ന് മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. പത്തു ലക്ഷത്തിലധികം വിദ്യാർഥികൾക്കാണ് ഇത് ബാധകമാകുന്നത്. ഈ അധ്യായന വർഷം പൂർത്തിയാകാൻ ഇനി മൂന്നു മാസം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം. സെപ്റ്റംബറിൽ അടുത്ത് അധ്യായന വർഷം ആരംഭിക്കുക.
ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,08, 862 ആയി ഉയർന്നു. സ്പെയിനിൽ 1,61,852 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,47,577 ആണ്. സ്പെയിനിൽ 16,353 പേരാണ് മരണപ്പെട്ടത്. യുകെയിൽ 24 മണിക്കൂറിനിടെ 917 പേർ മരിച്ചപ്പോൾ ആകെ മരണസംഖ്യ 9,875 ആയി. പുതിയതായി 5,34 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗബാധിതർ 78,991 ആയി.