കൊച്ചി: ആന്തരികതയില്‍ അടിയുറച്ച ഭൗതികത മാത്രമേ മനുഷ്യസമൂഹത്തിന് രക്ഷനല്‍കുകയുള്ളുവെന്നതിനാൽ ജീവന്‍റെ ഒരു സംസ്കാരം തന്നെ നാം വളര്‍ത്തിയെടുക്കണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ലോകത്തിനു മുഴുവന്‍ ജീവന്‍ നല്‍കാന്‍ വന്നവനാണ് ക്രിസ്തു. ‘ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ് ‘ എന്ന സന്ദേശത്തിലൂടെ മനുഷ്യനിലെ ആന്തരികജീവനെയാണ് ക്രിസ്തു ഇവിടെ ഉദ്ദേശിക്കുന്നതെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ മാർ ആലഞ്ചേരി പറഞ്ഞു.
ക്രൈസ്തവസഭയിലെ വിശുദ്ധാത്മാക്കള്‍ മാത്രമല്ല ഇതര മതങ്ങളില്‍ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ എന്നിവരെപ്പോലെയുള്ള എത്രയോ ലോകനേതാക്കളും ക്രിസ്തുവിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് തങ്ങളുടെ ജീവിതത്തെ ധന്യമാക്കിയിട്ടുണ്ട്. ഈ കൊറോണ കാലത്തു തന്നെ ശുശ്രൂഷ ജീവിതത്തിന്‍റെ പര്യായമാക്കിക്കൊണ്ട് തങ്ങളെത്തന്നെ രോഗികള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന പരശതം ഡോക്ടര്‍മാരും നേഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും ക്രിസ്തു ചൂണ്ടിക്കാട്ടിയ നല്ല സമരിയാക്കാരാണ്.
കൊറോണ വൈറസിനെ മാത്രമല്ല, ജീവനെ നശിപ്പിക്കുന്ന ഏതൊരു പ്രതിഭാസത്തെയും പ്രതിരോധിക്കാന്‍ മനുഷ്യന് കഴിയണം. വ്യക്തികളുടെയും മനുഷ്യസമൂഹത്തിന്‍റെയും ജീവന്‍റെ നിലനില്‍പ്പിനുവേണ്ടി മനുഷ്യസമൂഹം സടകുടഞ്ഞെഴുന്നേല്‍ക്കണമെന്ന് കൊറോണ വൈറസ് ബാധ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ആത്മീയതയാണ് മനുഷ്യന്‍റെ ഭൗതികജീവിതത്തെ ജീവസുറ്റതാക്കുന്നത്. നമ്മുടെ ജീവിത രീതികളിലെ തെറ്റായ ശൈലികളില്‍നിന്ന് അകന്ന് നമ്മെ സമൂഹത്തിന് ദ്രോഹകരമായ എല്ലാ ജീവിതരീതികളില്‍ നിന്നും പിന്തിരിയണമെന്ന് മാർ ആലഞ്ചേരി നിർദ്ദേശിച്ചു. സഹോദരങ്ങളെ ജീവനുതുല്യം സ്നേഹിക്കാം. ആവശ്യക്കാരനു സഹായമെത്തിക്കുന്ന നല്ല സമരിയാക്കാരാകാം. ഈ ലോകജീവിതത്തിന്‍റെ നശ്വരതയില്‍ നിന്ന് ഉത്ഥാനത്തിലൂടെ ക്രിസ്തു പ്രവേശിച്ച അനശ്വരതയിലേയ്ക്ക് നമുക്കും പ്രവേശിക്കാമെന്ന് കർദിനാൾ പറഞ്ഞു.