തൃശ്ശൂര്‍ : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം മദ്യശാലകള്‍ പൂട്ടിയതോടെ മദ്യപാനികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇതോടെ മുമ്പുണ്ടായിരുന്ന ലഹരി അരിഷ്ടങ്ങള്‍ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നതായി എക്‌സൈസ് അധികൃതര്‍ സൂചിപ്പിച്ചു. ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് എത്തിച്ച 180 കുപ്പി അരിഷ്ടം എക്‌സൈസ് പിടികൂടി.
മാടക്കത്തറ പാണ്ടിപ്പറമ്പ് തെക്കോട്ട് വളപ്പില്‍ രതീഷി(36)ന്റെ പക്കല്‍നിന്നാണ് 180 കുപ്പി ലഹരി അരിഷ്ടം തൃശ്ശൂര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കാറിലാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് അരിഷ്ടം എത്തിച്ചുനല്‍കിയിരുന്നത്. 450 എം.എല്‍. കുപ്പികളിലാണ് ഇവ നിറച്ചിരുന്നത്. ഉയര്‍ന്ന വീര്യമുള്ളവയാണ് പിടിയിലായ അരിഷ്ടങ്ങളെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.
ലഹരി അരിഷ്ടങ്ങള്‍ കൂടാതെ വൈനുകളും അധികൃതര്‍ പിടികൂടി. നെല്ലിക്കാ വൈന്‍, ഇരുമ്പന്‍പുളി വൈന്‍ എന്നിവയാണ് പിടികൂടിയത്. ചാരായ നിരോധനസമയത്ത് ഇത്തരം ലഹരി അരിഷ്ടങ്ങള്‍ വ്യാപകമായിരുന്നു. 450 മില്ലിലിറ്റര്‍ അരിഷ്ടത്തിന് 90 രൂപ മുതല്‍ 150 രൂപ വരെ ഈടാക്കുന്നുണ്ട്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെടുകയാണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാറ്റുന്നതിനു മുമ്പുള്ള വാഷ് ഉപയോഗിച്ചാണ് ‘അരിഷ്ടം’ തയ്യാറാക്കുന്നത്. പല അരിഷ്ടങ്ങളും ലേബല്‍ ഒട്ടിച്ച് പുറത്തിറക്കുന്നുണ്ടെങ്കിലും ഉള്ളിലുള്ള സാധനത്തില്‍ മാറ്റമില്ല. 12 ശതമാനം വരെ ആല്‍ക്കഹോള്‍ ഇത്തരം ‘അരിഷ്ട’ങ്ങളിലുണ്ട്. മുസ്താരിഷ്ടം, അശോകാരിഷ്ടം, പിപ്പല്യാസവം, അഭയാരിഷ്ടം തുടങ്ങി വിവിധ ലേബലുകളിലാണ് ആവശ്യക്കാരിലേക്ക് എത്തുന്നത്. പരിശോധനകള്‍ കര്‍ശനമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.