ഭാര്യയുടെ കാന്‍സര്‍ ചികിത്സ മുടങ്ങാതിരിക്കാന്‍ 130 കിലോമീറ്റര്‍ സൈക്കിളിൽ; കുംഭകോണം മുതല്‍ പുതുച്ചേരിവരെ; കര്‍ഷക തൊഴിലാളി

പുതുച്ചേരി: ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ 130 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി കര്‍ഷക തൊഴിലാളി. ഭാര്യയെ കൃത്യസമയത്ത് തന്നെ കീമോ തെറാപ്പിക്ക് എത്തിക്കാനായാണ് ഭര്‍ത്താവ് അരിവാഗന്‍ ഇത്രദൂരം സൈക്കിള്‍ ചവിട്ടിയത്. കുംഭകോണം മുതല്‍ പുതുച്ചേരിവരെയാണ് ഭാര്യയെ ഇരുത്തി അരിവാഗന്‍ സൈക്കിള്‍ ഓടിച്ചത്. ലോക്ക് ഡൗണ്‍ ആണെങ്കിലും ഭാര്യയെ സൈക്കിളിലെങ്കിലും ആശുപത്രിയിലെത്തിക്കുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബന്ധുക്കളുടെയും അയല്‍വാസികളുടെയും ഉപദേശം അവഗണിച്ച അരിവാഗന്‍ തന്റെ സൈക്കിളില്‍ മഞ്ജുളയെയും കൊണ്ട് പുതുച്ചേരിയിലേക്ക് തിരിക്കുകയായിരുന്നു. അരിവാഗനും മഞ്ജുളയും മാര്‍ച്ച്‌ 30ന് രാത്രിയിലാണ് യാത്ര ആരംഭിച്ചത്. അടുത്ത ദിവസം രാവിലെ തന്നെ ആശുപത്രിയിലെത്തിയെന്ന് അരിവാഗന്‍ പറയുന്നു.

അരിവാഗന്റെ ഭാര്യയ്ക്ക് ക്യാന്‍സറിനുള്ള ചികിത്സ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്‌മെര്‍)നടന്ന് വരികയാണ്. മാര്‍ച്ച്‌ 31നായിരുന്നു കീമോ. അതേസമയം, ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമത്തെ ജിപ്‌മെറിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും പ്രശംസിക്കുകയും ചെയ്തു. ഭാര്യ മഞ്ജുളയ്ക്ക് മൂന്നാമത്തെ കീമോതെറാപ്പിയാണ് ചെയ്യാനുണ്ടായിരുന്നത്. യാത്രയ്ക്കിടെ, പോലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ച്‌ നിര്‍ത്തുകയും ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കൊണ്ട് ആശുപത്രി പോവുകയാണെന്നും കൈയ്യിലുള്ള മെഡിക്കല്‍ റെക്കോര്‍ഡ്‌സ് കാണിച്ച്‌ ബോധ്യപ്പെടുത്തുകയും ചെയ്തു. കൃത്യസമയത്ത് ആശുപത്രിയിലെത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച പോലീസുകാര്‍ ദമ്പതികള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുകയും അവര്‍ക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുകയും ചെയ്തു.