‘പൊന്നും കുരിശുമുത്തപ്പാ പൊൻമലകയറ്റം’ ; ശരണമന്ത്രങ്ങളില്ലാതെ മലയാറ്റൂർ; വിജനമായി അടിവാരം

കൊച്ചി: ദുഃഖവെള്ളി ദിനങ്ങളിൽ മലയാറ്റൂർ പൊന്നുംകുരിശുമുത്തപ്പന്റെ പൊൻമല കയറുമ്പോഴും ഇറങ്ങുമ്പോഴും ഉയർന്നു കേൾക്കാറുള്ള ശരണമന്ത്രങ്ങളില്ല. മൂകത നിറഞ്ഞ വിജനമായ അടിവാരം. വ്യഥകളുടെ ഹൃദയഭാരം ഇറക്കിവയ്ക്കാനായി, എടുത്താൽ പൊങ്ങാത്ത കുരിശുമേന്തി വ്രതശുദ്ധിയിൽ പൊൻമല ചവിട്ടാനെത്തുന്ന വിശ്വാസികളില്ല. പെസഹ വ്യാഴം മുതൽ ലക്ഷക്കണക്കിന് ജനങ്ങൾ തിങ്ങിക്കൂടി നാലും അഞ്ചും മണിക്കൂർ അനക്കമില്ലാതെ കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയില്ല. കല്ലുകൾ നിറഞ്ഞ വഴിയിൽ ആളും അനക്കവുമില്ലാത ഭാരമേറിയ കുരിശുകൾ മാത്രം. ഇതാണിപ്പോൾ മലയാറ്റൂർ കുരിശുമുടി, അന്താരാഷ്ട്ര തീർഥാടന കേന്ദ്രം.ഈ ദിവസം ലക്ഷക്കണക്കിന് തീർഥാടകർ എത്തിയിരുന്ന മലയാറ്റൂർ മലയിൽ ഇന്ന്ആകെ നിശ്ശബ്ദതയാണ്.
ഇത്തരമൊരു ദുഃഖവെള്ളി മലയാറ്റൂരിന്റെ ചരിത്രത്തിൽ ഇതാദ്യം. മലയാറ്റൂർ താഴത്തെ പള്ളിയിൽ നിന്ന് അനുവാദം വാങ്ങി മലകയറാനെത്തുമ്പോൾ പുരോഹിതനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദിച്ചത് തനിച്ചാണോ എന്നായിരുന്നു. സഹായിക്കാൻ വഴിയിലാരും ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ്.
സർക്കാർ നിബന്ധനകൾ പൂർണമായി പാലിച്ച് തീർഥാടകർ വിട്ടു നിൽക്കുന്നു. മനുഷ്യരാശിക്കു വേണ്ടിയുള്ള മഹാകരുതലിന്റെ ഭാഗമായി. ഇടയ്ക്കിടെ ചീവീടുകളുടെ ചെവി തുളയ്ക്കുന്ന ശബ്ദം മാത്രം.ഈ ചിന്തയുടെ പിൻബലത്തിലാണ് ജനത്തിരക്കുകൾ ഇല്ലാത്ത തീർഥാടന ദിനങ്ങൾ മലയാറ്റൂർ കുരിശുമലയിൽ ആഘോഷിക്കുന്നതെന്ന് സെന്റ് തോമസ് ചർച്ച് വികാരിയും കുരിശുമുടിയുടെ അധികാരിയുമായ ഫാദർ വർഗീസ് മണവാളൻ. ക്രിസ്തുശിഷ്യനായ തോമാശ്ലീഹയുടെ പാദസ്പർശമേറ്റ മലയാറ്റൂരിൽ അൻപത് നോമ്പിന്റെ വ്രതശുദ്ധിയിൽ പൊൻമല ചവിട്ടാനും, ദൈവാനുഗ്രഹങ്ങൾ നേടി സായൂജ്യമടയാനും, ഭീതിനിറഞ്ഞ ഈ കൊറോണക്കാലം കഴിയാൻ കാത്തിരിക്കുകയാണ് വിശ്വാസസമൂഹം. അടച്ചുപൂട്ടിയിട്ട ദേവാലയങ്ങളിൽ നിന്ന് അകലം പാലിച്ചുകൊണ്ട് അടച്ചിട്ട വീടുകളിലിരുന്ന് അവരുടെ പ്രാർഥനയും ഇത് തന്നെയാണ്. ഈ ദിനങ്ങളും കടന്നുപോകും… പ്രാർഥനാ ശക്തിയാൽ നമ്മൾ ഇതും അതിജീവിക്കും… ഉയർത്തെഴുന്നേൽക്കും…പൊൻമല ചവിട്ടിയില്ലെങ്കിലും മലചവിട്ടി കയറിയാൽ കിട്ടുന്ന വലിയ കൃപ ഇന്ന് ലോകം അനുഭവിക്കുകയാണ്. സഹോദരങ്ങളുടെ ജീവനുവേണ്ടി അനേകർ സ്വയം ജീവൻ പരിത്യജിച്ചുകൊണ്ട് ശുശ്രൂഷകൾ നടത്തുകയാണ്. പൂർണ പ്രത്യാശയോടും വിശ്വാസത്തോടുകൂടി അനേകർ ദൈവത്തെ വിളിച്ച് അപേക്ഷിക്കുകയാണ്. ഈ രണ്ടു തീർഥാടനങ്ങളാണ് മനുഷ്യജീവിതത്തിൽ എന്നും നിലനിൽക്കുന്നതും ഉണ്ടാകേണ്ടതും.വലിയനോമ്പ് തുടങ്ങി വിഭൂതി ബുധൻ കഴിഞ്ഞു വരുന്ന ആദ്യ ഞായർ മലചവിട്ടുന്നത് മലയാറ്റൂർ സെന്റ് തോമസ് ഫൊറോനയുടെ കീഴിൽ വരുന്ന നാല് ഇടവകയിലെ വിശ്വാസികളാണ്. അത് ഇത്തവണയും മുടങ്ങിയില്ല. ഇടവകയിലെ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രാർഥനാ നിർഭരമായ കുരിശിന്റെ വഴിയിലൂടെ പൊൻമല ചവിട്ടി അനുഗ്രഹം തേടി. പിന്നീടാണ് കൊറോണ വൈറസിന്റെ മുൻകരുതലിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ വരുന്നതും ലോക്ക് ഡൗൺ ആകുന്നതും മലകയറ്റം പൂർണമായി നിൽക്കുന്നതും. മലയാറ്റൂരിലെ കർമ്മങ്ങൾ വെബ് സൈറ്റിലും ഫെയ്സ് ബുക്കിലും കണ്ട് അനുഗ്രഹം തേടാം.
ദുഃഖവെള്ളി തിരുക്കർമങ്ങൾ. 3നു കരുണകൊന്ത, കുരിശിന്റെ വഴി എന്നിവ നടക്കും. വെബ്സൈറ്റ്; (www.malayattoorchurch.com) ഫെയ്സ്ബുക്ക്; (stthomaschurchmalayattoor) .