ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയോടെയും കരുതലോടെയും ഇരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റാപ്പിഡ് പരിശോധന നടത്താനുള്ള കിറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ഉപയോഗത്തിനു വേണ്ടത് ഒരുകോടി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകളാണ്. നിലവില്‍ 3.28 കോടി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ ലഭ്യമാണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍, ലോക്ക്ഡൗണിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചേ നടത്താവൂ എന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച 16,002 പരിശോധനകള്‍ നടത്തിയെന്നും 0.2 ശതമാനം കേസുകള്‍ മാത്രമാണ് പോസിറ്റീവ് ആയത്. സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, വലിയതോതില്‍ രോഗം ബാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.