ലോക്ക് ഡൗണിൽ പത്രങ്ങള്‍ക്ക് ഇളവ് ;ചോദ്യം ചെയ്ത ഹര്‍ജി തള്ളി

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ദിനപത്രങ്ങള്‍ക്ക് ഇളവ് നല്‍കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കൊറോണ വൈറസ് പേപ്പര്‍ പ്രതലങ്ങളില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്നും കൊറോണ വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്ന ആശങ്കകള്‍ ഉന്നയിച്ച്‌ തമിഴാനാട്ടില്‍ നിന്നുള്ള ടി ഗണേഷ് കുമാര്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ആശങ്കകളില്‍ അടിസ്ഥാനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനം നല്‍കുന്ന തരത്തില്‍ ഗവേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും പത്രം, കറന്‍സി എന്നിവയിലൂടെ വൈറസ് പകരാന്‍ സാധ്യത വളരെ കുറവാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വ. ജന.അരവിന്ദ് പാണ്ഡ്യന്‍ വാദിച്ചു. ദിനപത്രങ്ങളെ നിയന്ത്രിക്കുന്നത് ആശയപ്രകടനത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജനാധിപത്യ സംവിധാനത്തില്‍ ദിനപത്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്. എന്‍. കൃപാകരന്‍, ആര്‍ ഹേമലത എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പത്രമാധ്യമങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് വസ്തുതകള്‍ അടങ്ങിയ വാര്‍ത്തകള്‍ മാത്രമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.