അമേരിക്ക കടുത്ത പ്രതിസന്ധിയിൽ; സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും; തൊഴിൽ പോയത് രണ്ടു കോടി പേർക്ക്

വാഷിംഗ്ടൺ: കൊറോണ തീർത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് പുറമെ തൊഴിലില്ലായ്മയും അമേരിക്കയ്ക്ക് ഭീഷണിയാകുന്നു. കൊറോണ പടർന്നു പിടിച്ച ആദ്യ മൂന്നാഴ്ചയിൽ മാത്രം യുഎസിൽ തൊഴിൽ നഷ്ടപ്പെട്ടവർ 1.6 കോടി പേർ. ഈ ആഴ്ച മാത്രം 66 ലക്ഷം പേർ തൊഴിൽ രഹിത ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് യു എസ് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകിയിരിക്കുന്നത്. ഇവിടെ മാത്രമായി 9, 25, 000 പേരാണ് ആനുകൂല്യത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമ്പദ് രംഗത്തേക്ക് 2.3 ലക്ഷം ഡോളർ അനുവദിക്കുമെന്ന ഫെഡറൽ റിസേർവിന്റെ ഉത്തരവിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.

ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ലോക്‌ഡോൺ അവസാനിക്കുന്നതോടു കൂടി ലോകത്ത് രണ്ടു കോടിയിലേറെ പേർ തൊഴിൽ രഹിതരാകുമെന്നാണ് കണ്ടെത്തൽ. തൊഴിലില്ലായ്മ നിരക്കിൽ വർധന ഉണ്ടാകാനാണ് സാധ്യത. ഫെബ്രുവരി 3.5 % ആയിരുന്ന നിരക്ക് 15% ആയി വർധിക്കാൻ ഇടയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.