ഏപ്രിൽ 15 മുതൽ ട്രെയിനുകൾ ; വാർത്ത വ്യാജം; സർവ്വീസ് കാര്യം തീരുമാനിച്ചില്ലെന്ന് റെയിൽവേ

ന്യൂഡൽഹി: ഏപ്രിൽ പതിനഞ്ചോടെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ തള്ളി ഇന്ത്യൻ റെയിൽവേ. നിലവിലെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കുന്നതോടെ ട്രെയിൻസർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ റെയിൽവേ.

ലോക്ക്ഡൗൺ പിൻവലിച്ച് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചാൽ പുതിയ പ്രോട്ടോകോൾ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന വാർത്തകളും റെയിൽവേ തള്ളി.

നിലവിലെ ലോക്ക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കും. തുടർന്ന് ഏപ്രിൽ 15 മുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കും. യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപേ തന്നെ റെയിൽവേ സ്റ്റേഷനിലെത്തിച്ചേരണം. തെർമൽ സ്ക്രീനിംഗിന് ശേഷം മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നുമാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു നിർദേശവും നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ -റെയിൽവേ വ്യക്തമാക്കി.

ഈ ഘട്ടത്തിൽ ട്രെയിൻ യാത്രയുടെ മാനദണ്ഡങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അപക്വമാണ്. യാത്രക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇത്തരത്തിൽ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം കൈക്കൊണ്ടാൽ അക്കാര്യം അറിയിക്കുന്നതാണ്- ഇന്ത്യൻ റെയിൽവേ അധികൃതർ പറഞ്ഞു.