കൊച്ചി: കൊച്ചിയിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു ജോലി ചെയ്യുന്ന ഡോക്ടറോട് വാടകവീട് ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ട റസിഡന്റ്സ് അസോസിയേഷന് ശക്തമായ താക്കീതുമായി ജില്ലാ ഭരണകൂടം.
കൊറോണയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരോട് വിവേചനപരമായ പെരുമാറ്റമുണ്ടായാൽ ഇന്ത്യൻ എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരം നടപടിയുണ്ടാകുമെന്ന് കലക്ടറുടെ ഉത്തരവ്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്നവരോട് ഇത്തരത്തിൽ പെരുമാറുന്നത് അപലപനീയവും അപരിഷ്കൃതവുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ഫീൽഡ് പ്രവർത്തകർ തുടങ്ങിയവർക്കെതിരെ വ്യക്തികൾ, സ്ഥാപനങ്ങൾ, റസിഡന്റസ് അസോസിയേഷനുകൾ, പൊതുസമൂഹം എന്നീ ഏതെങ്കിലും ഇടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായാൽ കർശന നടപടിയെടുക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
രോഗത്തിനെതിരെ കൂട്ടായ പ്രതിരോധമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഓരോ പൗരനും പങ്കാളികളാകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ രാത്രി, പകൽ വ്യത്യാസമില്ലാതെ സേവന സന്നദ്ധരായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് മനസിലാക്കാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടികളുണ്ടാകും. ഇത്തരത്തിൽ പരാതികൾ ലഭിച്ചാൽ തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ പൊലീസ് മേധാവിക്കും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.