കാസർകോട് : അതിർത്തിയിൽ ചികിത്സകിട്ടാതെ വീണ്ടും മരണം. കാസർകോട് ഉപ്പള സ്വദേശി അബ്ദുൽ സലീമാണ് മരിച്ചത്.
ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ ചികിത്സ ലഭിക്കാതെ കാസർകോട് മരിക്കുന്നവരുടെ എണ്ണം 13 ആയി. അതേ സമയം കാസർകോട്ടെ രോഗികൾക്ക് ചികിൽസ നൽകുന്നതിന് ബദൽ മാർഗം സർക്കാർ ആലോചിക്കുന്നുണ്ട്.
കർണാടക അതിർത്തി ഉപാധികളോടെ തുറന്നെങ്കിലും ചികിത്സ വൈകിയതിനാലാണ് ഇയാൾ മരിച്ചത്.
പൂർണമായും അടച്ചിരുന്ന അതിർത്തി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് ഭാഗികമായി തുറന്നത്. അതിർത്തി തുറന്നശേഷം മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
അതിർത്തി തുറന്ന് രോഗികളെ കടത്തിവിടാൻ നടപടിയാരംഭിച്ച ആദ്യദിവസം രണ്ട് രോഗികളെയാണ് മംഗളൂരുവിലെ ആശുപത്രിയിൽനിന്നും തിരിച്ചയച്ചത്. ഒന്ന് ചികിത്സാനിഷേധമാണെങ്കിൽ മറ്റൊന്ന് ചികിത്സയിലുള്ള അവഗണനയാണ്. രോഗികളെ എയർ ആംബുലൻസിൽ കൊച്ചിയിലോ കോഴിക്കോടോ എത്തിക്കുന്നത് പരിഗണനയിലാണ്. ഇക്കാര്യത്തിൽ കാസർകോട്, കോഴിക്കോട്, കൊച്ചി കലക്ടർമാരോടും ഡി.ജി.പിയോടും റിപ്പോർട്ട് നൽകാൻ സർക്കാർ
ആവിശ്യപ്പെട്ടു.