ഭുവനേശ്വർ : ഒഡിഷയിൽ ഏപ്രില്‍ 30 വരെ ലോക്ക് ഡൗൺ നീട്ടിയതായി മുഖ്യ മന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു . ഏപ്രിൽ 14 വരെ ആണ് രാജ്യത്ത് ലോക്‌ഡോൺ പ്രഖ്യാപിച്ചിരുന്നത്.
ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൌണ്‍ നീട്ടാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടുമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്. ജൂണ്‍ 17 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്ത് അടഞ്ഞ് കിടക്കും.
42 കൊറോണ കേസുകളാണ് ഇതുവരെ ഒഡിഷയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരാൾ മരിച്ചിരുന്നു. രണ്ട് പേര്‍ രോഗവിമുക്തരാവുകയും ചെയ്തു.
മന്ത്രിസഭ യോഗത്തിന് ശേഷമാണ് ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം ഒഡീഷ കൈക്കൊണ്ടത്. ജനങ്ങളുടെ ജീവനെ മാനിച്ച് കേന്ദ്രത്തോട് ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും അതോടൊപ്പം വിമാന സര്‍വീസുകൾ പുനരാരംഭിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ എത്രയും വേഗം എത്തിക്കാന്‍ ശ്രമിക്കുമെന്നും നവിന്‍ പട്നായക് പറഞ്ഞു.