കോലഞ്ചേരി: നാട്ടിലെങ്ങും താരമായി ചക്കക്കുരു ജ്യൂസ്. കൊറോണക്കാലമല്ലേ, ഇനി ചക്കക്കുരു ജ്യൂസ് കുടിക്കാം. ബദാം ഷെയ്ക്, ഷാർജ ഷെയ്ക് തുടങ്ങിയ ജനപ്രിയ ഇനങ്ങളുടെ സ്‍ഥാനത്തേക്കാണു ചക്കക്കുരു ജ്യൂസിന്റെ വരവ്. റസ്‍റ്ററന്റുകളിലും ബേക്കറികളിലും ഇരുന്ന‍് ആസ്വദിച്ചു കഴിച്ചിരുന്ന ജ്യൂസുകൾ കിട്ടാക്കനിയായതോടെ നാടൻ വിഭവങ്ങൾ കൊണ്ട‍് ആരോഗ്യം സംരക്ഷിക്കാനുള്ള പരിശ്രമമാണു ആളുകളെ ചക്കക്കുരു ജ്യൂസിൽ എത്തിച്ചിരിക്കുന്നത്. വിൽപന നിലച്ചതോടെ മിക്ക വീടുകളിലും ചക്ക ധാരാളമുണ്ട്. ഇതും വീടുകളിൽ ചക്ക വിഭവങ്ങൾ കൂടാൻ കാരണമായി.
വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പാനീയം.
ചക്ക കുരു ജ്യൂസ് ഒരുങ്ങുന്നതിങ്ങനെ;
10 ചക്കക്കുരു ആദ്യ ലയർ വെള്ള തൊലി അടക്കം പുഴുങ്ങുക (കുക്കറിൽ 2 വിസിൽ അടിച്ചാൽ മതി). പുഴുങ്ങിയതിനു ശേഷം അതിന്റെ വെള്ള തൊലി കളയുക, പുഴുങ്ങിയ ചക്കക്കുരു തണുത്തതിനു ശേഷം തണുത്ത/സാദാ ഒരു ഗ്ലാസ് പാലും ആവശ്യത്തിന് പഞ്ചസാരയും കൂട്ടി മിക്സിയിൽ അടിക്കുക. 2 ഏലക്കായ കൂടി ചേർക്കാം. നല്ല അടിപൊളി ചക്കക്കുരു ജ്യൂസ് റെഡി. (ചക്കകുരുവിന്റെ ബ്രൗൺ തൊലി കളയാത്തതുകൊണ്ടു ഗ്യാസ് സംബന്ധിച്ച പ്രോബ്ലം ഉണ്ടാവില്ല)