കൊറോണ പ്രതിരോധ മാസ്‌കുകളുമായി കുടുംബശ്രീ; 18.5 ലക്ഷം മാസ്‌കുകള്‍ റെഡി

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ 18.5 ലക്ഷം കോട്ടണ്‍ മാസ്‌കുകള്‍ തയാറാക്കി. ഏപ്രിൽ ഏഴ് വരെയുള്ള കണക്കുകൾ അനുസരിച്ചുള്ള കണക്കാണിത്. കുടുംബശ്രീയുടെ 306 തയ്യല്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 18,52,271 മാസ്‌കുകളാണ് തയാറാക്കിയത്.

ലെയറുകൾക്ക് അനുസരിച്ച് 10 രൂപ മുതല്‍ 15 രൂപ വരെയാണ് മാസ്‌കുകളുടെ വില. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ, ടൂറിസം വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എയർപോർട്ട് അതോറിറ്റി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ജൻ ഔഷധി സ്റ്റോഴ്‌സ്, ബാങ്കുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ അനുസരിച്ചും വ്യക്തിപരമായി ലഭിച്ച ഓര്‍ഡറുകൾ അനുസരിച്ചുമാണ് മാസ്‌കുകള്‍ തയാറാക്കിയത്.

കുടുംബശ്രീയില്‍ നിന്ന് മാസ്‌കുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് kudumbashree.org/pages/175 ലിങ്കില്‍ നിന്ന് ഫോണ്‍ നമ്പരുകള്‍ കണ്ടെത്താമെന്ന് കുടുംബശ്രീ എക്സിക്യുട്ടിവ് ഡയറക്ടർ ഹരികിഷോർ അറിയിച്ചു.