ന്യൂയോർക്ക്: യുഎസിൽ കൊറോണ വൈറസ് പടർന്നു പിടിക്കുമെന്നും പതിനായിരങ്ങളുടെ ജീവനെടുക്കുമെന്നും ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ മുന്നറിയിപ്പ് പ്രസിഡൻറ് അവഗണിച്ചെന്ന് റിപ്പോർട്ട്. ദേശീയ സുരക്ഷാ കൗൺസിൽ വഴി വൈറ്റ് ഹൗസിലും ഫെഡറൽ ഏജൻസികൾക്കും വിതരണം ചെയ്ത കുറിപ്പിലാണ് കൊറോണ സംബന്ധിച്ച് ക്യത്യമായി പരാമർശിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 29, ഫെബ്രുവരി 23 എന്നീ തീയതികളിലാണ് പീറ്റർ നവാരോ ഈ കുറിപ്പുകൾ തയാറാക്കിയതെന്നാണ് റിപ്പോർട്ട്. ട്രംപ് വൈറ്റ് ഹൗസിൽ കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച ദിവസം തയാറാക്കിയ ആദ്യ കുറിപ്പിൽ ഏറ്റവും മോശം അവസ്ഥയിൽ രാജ്യത്ത് അഞ്ച് ലക്ഷം പേർക്ക് ജീവഹാനി സംഭവിച്ചേക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ ഈ മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവഗണിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് ഈ മുന്നറിയിപ്പിനെ തുടർച്ചയായി നിസാരവൽക്കരിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ ആക്ഷേപമുയരുന്നത്. കൊറോണ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധി സംബന്ധിച്ച് യുഎസിലെ മുതിർന്ന ശാസ്ത്രജ്ഞരും, സാംക്രമികരോഗ ചികിൽസാ വിദഗ്ധരും ആരോഗ്യ വിദഗ്ധരും ട്രംപിന് മുന്നറിയിപ്പു നൽകിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും മോശം അവസ്ഥയിൽ രാജ്യത്ത് അഞ്ചു ലക്ഷം പേർക്ക് ജീവഹാനി സംഭവിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കൊറോണ വൈറസ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ, പ്രതിരോധ ശക്തിയുടെ കുറവോ പ്രതിരോധ മരുന്നിന്റെ അഭാവമോ മൂലം വൈറസിനെതിരെ പ്രതിരോധം തീർക്കാനാവാത്ത സാഹചര്യം അമേരിക്കൻ ജനതയ്ക്കുണ്ടാകുമെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നതായി ന്യൂയോർക്ക് ടൈംസാണ് നേരത്തെ റിപ്പോർട്ട് ചെയ്തത്.