സംസ്ഥാനത്തെ നാലു മേഖലകളായി തിരിക്കണം: നിയന്ത്രണങ്ങള്‍ തുടരണം; യുഡിഎഫ് ഉപസമിതി

തിരുവനന്തപുരം : കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരണമെന്ന് യുഡിഎഫ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലുഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് യുഡിഎഫ് ഉപസമിതി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ നാലു വിഭാഗമായി തിരിക്കണം. റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് എന്നിങ്ങനെ നാലു മേഖലകളായി തിരിക്കണം. ആഭ്യന്തര വിമാന സര്‍വീസുകളെക്കുറിച്ച് ഏപ്രില്‍ അവസാനമേ ആലോചിക്കാവൂ.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ട്രെയിന്‍ സര്‍വീസും ഒരു മാസം കഴിഞ്ഞ് മതിയെന്ന് യുഡിഎഫ് ഉപസമിതി നിര്‍ദേശിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന മലയാളികളെ വിമനത്താവളത്തിൽ നിന്ന് നിരീക്ഷണത്തിലേക്ക് മാറ്റണം. അവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കരുത്. ഇതിന് സർക്കാർ പ്രത്യേക സംവിധാനമൊരുക്കണം. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപസമിതി മുന്നോട്ട് വെക്കുന്നു.
യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ലോക്ക്ഡൗണിനുശേഷമുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പ്രതിപക്ഷവുമായി ആലോചിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചത്.

പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ കണ്‍വീനറായ ഉപസമിതിയിൽ മുന്‍കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍, സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍, മുന്‍ ആസൂത്രണബോര്‍ഡ് അംഗം ജി.വിജയരാഘവന്‍, ഡോ:എ.മാര്‍ത്താണ്ഡം പിള്ള, ഡോ: ശ്രീജിത് എന്നിവർ അംഗങ്ങളാണ്.