ന്യൂഡൽഹി: സങ്കീർണ സാഹചര്യമുണ്ടായാൽ പ്രതിദിനം ഒരു ലക്ഷം കൊറോണ നിർണയ പരിശോധനകൾ വരെ നടത്താൻ ഒരുക്കവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). ഇതടക്കം അപകടഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികളുമായി പ്രവർത്തനപദ്ധതിയായി.
കൊറോണ പരിശോധനയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണെന്നു വിമർശനമുണ്ട്. നിലവിൽ രാജ്യത്തുള്ള 136 സർക്കാർ ലാബുകളിലും 59 സ്വകാര്യ ലാബുകളിലുമായി പരമാവധി പരിശോധനാശേഷി 18,000 ആണ്. എന്നാൽ കഴിഞ്ഞദിവസം നടന്നത് 11,795 ടെസ്റ്റ്.
സ്വകാര്യ മേഖലയിലും ഗവേഷണ സ്ഥാപനങ്ങളിലുമായി കൂടുതൽ ലാബുകൾക്ക് അനുമതി നൽകുന്നതു വഴി, വരും നാളുകളിൽ പ്രതിദിന പരിശോധന ശേഷി ലക്ഷമാക്കാമെന്നാണു പ്രതീക്ഷ. പല ഷിഫ്റ്റുകളിലായി ലാബുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാനും ആലോചനയുണ്ട്.