കോട്ടയം: നിലവില്‍ പൊസിറ്റീവ് കേസുകള്‍ ഒന്നുമില്ലാത്ത കോട്ടയത്ത് കൊറോണ ലക്ഷണങ്ങളോടെ 84 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനാ ഫലം നാളെ ലഭിക്കും. നാല് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇന്നലെയാണ് കോട്ടയം സ്വദേശിയായ 84 കാരനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കൂടുതലുള്ളതിനാല്‍ പ്രത്യേക നിരീക്ഷണത്തിലാണ് ഇദ്ദേഹം.
അതേ സമയം തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷം രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുമായി നേരിട്ട് ബന്ധപ്പെട്ട പത്ത് പേരുടെ ഫലം വന്നു.എല്ലാം നെഗറ്റീവാണ്. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ രണ്ട് പേരുടെ ഫലം വരാനുണ്ട്. കോട്ടയത്ത് 3336 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 67 ഫലങ്ങള്‍ ലഭിക്കാനുണ്ട്.
പത്തനംതിട്ടയില്‍ ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത കോട്ടയം സ്വദേശികള്‍ വിവരം അറിയക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. മാർച്ച് 15 ന് രാവിലെ ഒൻപതേ കാലിന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസിലെ എസ്-9 കോച്ചിലാണ് പെണ്‍കുട്ടി യാത്ര ചെയ്തത്.ഈ ട്രെയിനല്‍ മാര്‍ച്ച് 17 എറണാകുളത്ത് ഇറങ്ങിയ ശേഷം പെണ്‍കുട്ടി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അന്ന് ഉച്ചയ്ക്ക് ശേഷം 2.45 നുള്ള ശബരി എക്സ്പ്രസില്‍ ജനറല്‍ കോച്ചില്‍ കോട്ടയം വഴി ചെങ്ങന്നൂര്‍ ഇറങ്ങുകയായിരുന്നു.വിവരങ്ങള്‍ 1077 എന്ന നമ്പറില്‍ അറിയിക്കാം.