മലപ്പുറം: ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ മായം കലർന്നതും പഴക്കംചെന്നതുമായ മത്സ്യം വിപണിയിലെത്തുന്നു എന്ന പരാതിയെ തുടർന്ന് തിരൂർ,താനൂർ,പരപ്പനങ്ങാടി ഭാഗങ്ങളിൽ പുലർച്ചെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന. പരിശോധനയെ തുടർന്ന് ചെമ്മീൻ, ചൂര, കണ, കോലി എന്നീ ഇനങ്ങളിലായി 360 കിലോ മത്സ്യം നശിപ്പിച്ചു. മാർക്കറ്റിൽ എത്താത്ത മൽസ്യം ചെറുവണ്ടികൾക്ക് ലഭിക്കുന്നുവെന്നും കണ്ടെത്തി. വിതരണത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്നറുകളിൽ നിറച്ച് ബോക്സുകളിലായി എത്തുന്ന മത്സ്യം നേരിട്ട് മാർക്കറ്റുകളിൽ എത്താതെ ഊടുവഴികളിൽ മറ്റും പാർക്ക് ചെയ്യുന്നതായും പരിശോധനാ വിഭാഗം കണ്ടെത്തി. കോട്ടയത്തും 600 കിലോ പഴകിയ മീൻ പിടിച്ചു. നഗരത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് 600 കിലോ പഴകിയ മീൻ പിടിച്ചത്. തൂത്തുക്കുടിയിൽ നിന്നെത്തിയ ലോറിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീൻ കണ്ടെത്തിയത്. പാലായിൽ മീൻ ഇറക്കിയ ശേഷം നഗരത്തിലേക്ക് വില്പനക്ക് കൊണ്ടുവരികയായിരുന്നെന്നാണ് സൂചന. സംഭവത്തിൽ തൂത്തുക്കുടി സ്വദേശി സിദ്ദിക്ക്, സഹായി കണ്ണൻ എന്നിവർ പിടിയിലായി.