ന്യൂഡെല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനുളള നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കൊറോണ രോഗിയിൽ നിന്ന് 30 ദിവസത്തിനകം 406 പേരിലേക്ക് രോഗം പകരാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പോലുളള നിര്‍ദേശങ്ങള്‍ കൊറോണ രോഗം സ്ഥിരീകരിച്ച വ്യക്തി പാലിച്ചില്ലായെങ്കില്‍ ഇത് സംഭവിക്കാമെന്ന് ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് 4421 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 354പേരിലാണ് കൊറോണ കണ്ടെത്തിയത്. ഇതുവരെ 326 പേരുടെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
സാമൂഹ്യവ്യാപനം തടയാൻ നിയന്ത്രണം നിർബന്ധമാണെന്നും, ലോക്ക് ഡൗൺ കഴിഞ്ഞാലും കൃത്യമായ നിയന്ത്രണങ്ങൾ വേണ്ടതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയന്‍റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി. യുപി – ദില്ലി അതിർത്തിയിലെ ആഗ്ര, ദില്ലിയിലെ ഗൗതം ബുദ്ധ് നഗർ, കേരളത്തിലെ പത്തനംതിട്ട, രാജസ്ഥാനിലെ ഭിൽവാര, കിഴക്കൻ ദില്ലി എന്നിവിടങ്ങളിൽ ക്ലസ്റ്റർ കണ്ടെയ്ൻമെന്‍റ് സ്ട്രാറ്റജി എന്ന പദ്ധതി ഫലം കണ്ടുകഴിഞ്ഞു. ഇതനുസരിച്ച്, നിലവിൽ കൊറോണ ബാധിതമായി കണ്ടെത്തിയ രാജ്യതലസ്ഥാനമായ ദില്ലി, മുംബൈ എന്നിവിടങ്ങൾ ഉൾപ്പടെ നഗരങ്ങളിലെ ക്ലസ്റ്റർ കണ്ടെയ്ൻമെന്‍റ് സ്ട്രാറ്റജി രൂപീകരിച്ച് കഴിഞ്ഞുവെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി വ്യക്തമാക്കി.