മദ്യക്കടകൾ അടഞ്ഞുകിടക്കുന്നു; മാഹിയിൽ നിന്ന് മദ്യക്കടത്ത്

കോഴിക്കോട്: മാഹിയിൽ മദ്യക്കടകൾ അടഞ്ഞുകിടക്കുമ്പോഴും മാഹിയിൽ നിന്നു ജില്ലയിലേക്ക് മദ്യക്കടത്ത്. ഇന്നലെ എക്സൈസ് സംഘം വടകരയിൽ പിടികൂടിയത് മാഹിയിൽ നിന്നുള്ള 18 ലീറ്റർ വിദേശമദ്യം. ദേശീയ പാതയിൽ വടകര ഫയർ സ്റ്റേഷനു സമീപത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 750 മില്ലി ലീറ്ററിന്റെ 24 കുപ്പി വിദേശമദ്യവുമായി 2 പേരെ അറസ്റ്റ് ചെയ്തു. വടകര അടക്കാത്തെരു വടക്കേൽ വളപ്പിൽ വിനീഷ്കുമാർ (47), വടകര വള്ളോളികുളത്തിൽ ഗിരീഷ്കുമാർ (48) എന്നിവരെ പിടികൂടിയത്.

വടകര ഇൻസ്പെക്ടർ കെ.കെ.ഷിജിൽകുമാർ, പ്രിവന്റിവ് ഓഫിസ്ർ പ്രമോദ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാഹിയിൽ മദ്യക്കടകൾ അടച്ചെങ്കിലും മദ്യവിൽപന രഹസ്യമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയ പാതയിലെ പരിശോധന.

പേരാമ്പ്ര സർക്കിൾ പരിധിയിൽ 300 ലീറ്റർ വാഷും വാറ്റുപകരണങ്ങളും ഇന്നലെ പിടികൂടി. പേരാമ്പ്ര ഊരള്ളൂർ വനമേഖലയിൽ നിന്ന് 250 ലീറ്റർ വാഷും ബാലുശ്ശേരിക്കടുത്ത് മന്ദൻകാവിൽ നിന്ന് 50 ലീറ്റർ വാഷുമാണ് പിടികൂടിയത്. ഇൻസ്പെക്ടർമാരായ ശരത് ബാബു, മനോജ് പടിക്കത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യവിൽപനശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധന കര‍ശനമാക്കിയെന്നു എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.ആർ.അനിൽകുമാർ പറഞ്ഞു.

അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകൾ, കള്ളുചെത്തിയിരുന്ന തെങ്ങിൻതോപ്പുകൾ, ബാറുകൾ എന്നിവിടങ്ങളിൽ ദിവസേന പരിശോധന നടത്തുന്നുണ്ട്. ലഹരിക്കു പകരമായി ഉപയോഗിക്കുന്ന ഗുളികൾ‍ വിൽക്കുന്നുണ്ടോയെന്നു മെഡിക്കൽ സ്റ്റോറുകളിലും പരിശോധന നടത്തുന്നുണ്ട്