ലൈറ്റണച്ച് വിളക്കേന്തി ഇന്ത്യ; 9 മിനിറ്റ് ചരിത്രമായി

ന്യൂഡെൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ ലൈറ്റുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു, രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. വെള്ളിയാഴ്ച രാവിലെ 9നു പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലായിരുന്നു ആഹ്വാനം.

സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. വീടിന്റെ വാതിൽക്കലോ ബാൽക്കണയിലോ നിന്ന് ദീപം തെളിക്കണം. അതിലൂടെ വെളിച്ചത്തിന്റെ അതീതശക്തിയും നമ്മുടെ പോരാട്ടത്തിന്റെ പൊതുലക്ഷ്യവും വ്യക്തമാകും. രാജ്യത്തെ 130 കോടി ജനത്തെക്കുറിച്ചു മനസ്സിൽ ധ്യാനിക്കണമെന്നും ഇത് പ്രതിസന്ധിയെ ഒത്തൊരുമയോടെ നേരിടാനുള്ള കരുത്തും ജയിക്കാനുള്ള ആത്മവിശ്വാസം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.