സർക്കാർ നോക്കുകുത്തി, കേരളത്തിലെ പച്ചക്കറി തമിഴ് നാട്ടിലേക്ക്; തിരികെയെത്തുന്നത് നാലിരട്ടി വിലയിൽ

തിരുവനന്തപുരം: സംഭരണത്തിലെ സർക്കാരിന്റെ അനാസ്ഥ മൂലം പച്ചക്കറികൾക്ക് വില കുതിച്ചുയരുന്നു. സംസ്ഥാനത്തെ പ്രധാന ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽ നിന്ന് പച്ചക്കറി തമിഴ്‌നാട്ടിലേക്ക്. തമിഴ്‌നാട്ടിൽ വിലയിട്ട് തിരികെ പച്ചക്കറികൾ കേരളത്തിലെത്തുമ്പോൾ നൽകേണ്ടി വരുന്നത്
നാലിരട്ടി വില. കാന്തല്ലൂരിൽ നിന്നും പച്ചക്കറികൾ സംഭരിക്കാൻ നിയമിച്ചിട്ടുള്ള സർക്കാർ ഏജൻസികൾ കാര്യക്ഷമമായി സംഭരണം നടത്താത്തതാണ് സ്വകാര്യ വ്യാപാരികളുടെയും ഇടനിലക്കാരുടെയും ചൂഷണത്തിന് കാരണമാകുന്നത്.

ഇടുക്കിയിലെ കാന്തല്ലൂർ, കീഴാന്തൂർ, ആടിവയൽ തുടങ്ങിയ ഗ്രാമങ്ങളിലെ കർഷകർ ഏക്കറ് കണക്കിന് ഇടങ്ങളിലാണ് ശീതകാല പച്ചക്കറികളായ കാബേജും, ബീൻസും കൃഷി ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണായതോടെ ചരക്ക് വണ്ടികൾ വരാതായി. പച്ചക്കറി എടുക്കാൻ ആളില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇടനിലക്കാരുടെ ചൂഷണം. നിസാര വിലയ്ക്ക് കർഷകരിൽ നിന്നെടുക്കുന്ന പച്ചക്കറികൾ നേരെ തമിഴ്നാട്ടിലെ മധുരയിലേക്ക്. തുടർന്ന് തമിഴ്നാടൻ പച്ചക്കറി എന്ന പേരിൽ അതിർത്തി കടന്ന് വീണ്ടും വിൽപ്പനയ്ക്കായി കേരളത്തിലേക്ക്.

ഓണം, വിഷു പോലുള്ള ഉത്സവ സീസണുകൾ മേഖലയിൽ നിന്ന് സർക്കാർ ഏജൻസികൾ കാര്യമായി പച്ചക്കറി സംഭരിക്കാറുണ്ട്. സമാനമായി ലോക്ക്ഡൗൺ പ്രതിസന്ധിക്കാലത്തും പച്ചക്കറി സംഭരണം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ പ്രദേശത്ത് നിന്ന് പരാമവധി പച്ചക്കറി വാങ്ങുന്നുണ്ടെന്നും ഇടനിലക്കാർ വിളവെടുക്കുന്നതിന് മുമ്പു തന്നെ കർഷകർക്ക് മുൻകൂട്ടി വില നൽകി ഏറ്റെടുക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് ഹോർട്ടികോർപ്പിന്‍റെ മറുപടി.

എന്നാൽ ലോക്ഡൗണിനോടനുബന്ധിച്ച് വിളകളെല്ലാം വാങ്ങുവാൻ ആളില്ലാതെ നശിക്കുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യം മുതലാക്കിയാണ് ഇടനിലക്കാർ വിലയിടിച്ച് പച്ചക്കറികൾ സംഭരിച്ച് തമിഴ്‌നാട്ടിലെ മധുര, പൊള്ളാച്ചി തുടങ്ങിയ മാർക്കറ്റുകളിലെത്തിച്ച് വിൽക്കുന്നത്. ഈ പച്ചക്കറികളാണ് തിരികെ തൃശൂർ, എറണാകുളം മാർക്കറ്റുകളിലെത്തിച്ച് ലോക്ഡൗൺ കാരണം പറഞ്ഞ് നാലിരട്ടി വിലയ്ക്ക് വിറ്റഴിച്ച് വരുന്നത്.

തന്മൂലം സംസ്ഥാനത്തെ പച്ചക്കറി ഉൽപാദിപ്പിക്കുന്ന കർഷകനും വാങ്ങുന്ന ഗുണഭോക്താവിനും കനത്ത നഷ്ടമാണെങ്കിലും തമിഴ്‌നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന വ്യാപാരികൾക്കും ഇടനിലക്കാർക്കും കൊള്ള ലാഭം. പ്രതിസന്ധി തരണം ചെയ്യാനായി പ്രദേശത്ത് നിന്നു പച്ചക്കറികൾ സംഭരിക്കാൻ നിയമിച്ചിട്ടുള്ള ഹോർട്ടികോർപ്, വിഎഫ്പിസികെ പോലുള്ള സംരംഭങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമേ വിലക്കയറ്റവും ഇടനിലക്കാരുടെ ചൂഷണവും തടയാൻ സാധിക്കൂവെന്നാണ് കർഷകർ പറയുന്നത്.

പ്രദേശത്തു നിന്ന് പരമാവധി പച്ചക്കറി ഹോർട്ടി കോർപ് സംഭരിച്ച് വരുന്നുണ്ട്. എന്നാൽ ഇടനിലക്കാരും കർഷകർക്ക് മുൻകൂർ തുക നൽകി വിളവെടുക്കാറായപ്പോൾ വിലയ്ക്ക് വാങ്ങുന്ന പ്രവണതയും നിലവിലുണ്ട് എന്നും ഹോർട്ടികോർപ് അധികൃതർ പറഞ്ഞു.